തെല്ലും വീഴ്ച അരുത്; വധഭീഷണിയില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് വിഎം സുധീരന്‍

Update: 2021-06-30 11:14 GMT

തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുടുംബത്തിനും നേരെ ഉയര്‍ന്ന വധഭീഷണി സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ ഫലപ്രദമായും കാര്യക്ഷമമായും നിര്‍വഹിച്ചന്റെ ഫലമായി ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെയോ അവരുടെ ആജ്ഞാനുവര്‍ത്തികളുടെയോ ഗൂഢ നീക്കങ്ങളാകാം ഇതിന്റെ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ നീതിപൂര്‍വ്വവും സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിച്ച് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവര്‍ക്കുറപ്പുവരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. തെല്ലും വീഴ്ച അരുതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ടിപി കേസ് പ്രതികളാകാം ഊമക്കത്തിന് പിന്നിലെന്ന് തിരുവഞ്ചൂരും പ്രതിപക്ഷ നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

ഇന്ന് രാവിലെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്ക് വധഭീഷണിയുമായി ഊമക്കത്ത് കിട്ടിയത്. എംഎല്‍എ ഹോസ്റ്റല്‍ വിലാസത്തിലാണ് കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളേയും വകവരുത്തുമെന്നാണ് കത്ത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Tags:    

Similar News