ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളെക്കൂടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സൈനികഅധികാര നിയമത്തിന്റെ പരിധിയിലാക്കി. അസമുമായി ചേര്‍ന്നുകിടക്കുന്ന അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ്, തിറാപ്, ലോങ്ടിങ് ജില്ലകളിലാണ് പ്രത്യേക സൈനിക അധികാര നിയമം ബാധകമാക്കിയത്. നംസായ് , മഹാദേവ് പൂര്‍ പോലിസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളും അസ്വസ്ഥബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. അഫ്സ്പയുടെ സെക്ഷന്‍ 3 അനുസരിച്ചാണ് പ്രഖ്യാപനം.
പ്രദേശത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ വീണ്ടും അവലോകനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അഡി. സെക്രട്ടറി പിയൂഷ് ഗോയല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ 2021 മുതല്‍ മാര്‍ച്ച് 31 2022 വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാവുക.
പ്രത്യേക സൈനിക അധികാരത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ സൈന്യത്തിന് മുന്‍കൂര്‍ അനുമതിയില്ലാതെ റെയ്ഡ് നടത്താനും ആളുകളെ കസ്റ്റഡിയിലെടുക്കാനും അനുമതി ലഭിക്കും.