റെയില്‍വേ ട്രാക്കില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു

Update: 2022-09-21 01:26 GMT

കരിംനഗര്‍: റെയില്‍വേ ട്രാക്കില്‍ ജോലിചെയ്തിരുന്ന മൂന്ന് തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ കോതപ്പള്ളി ഗ്രാമത്തിലാണ് അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസാണ് മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റെയില്‍വേ ട്രാക്ക് മാന്‍ ദുര്‍ഗയ്യ, കരാര്‍ തൊഴിലാളികളായ വേണു, ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. മറ്റൊരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ മഹബൂബാബാദില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ പെദ്ദപ്പള്ളി ജില്ലയില്‍ നിന്നുള്ളവരുമാണ്.

വൈകുന്നേരം നാലോടെ ചിക്കുറായി, കോതപ്പള്ളി വില്ലേജുകള്‍ക്കിടയിലെ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. മറ്റൊരു ട്രാക്കിലൂടെ ഒരു ഗുഡ്‌സ് ട്രെയിന്‍ നീങ്ങുകയായിരുന്നെന്നും, അവര്‍ ജോലിചെയ്യുന്ന ട്രാക്കില്‍ രാജധാനി എക്‌സ്പ്രസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പോലിസ് പറഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലിസ് (ജിആര്‍പി) കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News