അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു

കഴിഞ്ഞ മേയ് ഏഴിന് പുലര്‍ച്ചെ തണ്ണിത്തോട് മണ്‍പിലാവ് ഭാഗത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന കട്ടപ്പന കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യു (27)വിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

Update: 2020-06-09 16:53 GMT

പത്തനംതിട്ട: തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന കടുവ ചത്തു. വടശേരിക്കര മണിയാറിനു സമീപം അരീക്കക്കാവ് ഇഞ്ചപൊയ്ക ഭാഗത്തെ ജനവാസകേന്ദ്രത്തിലാണ് ഇന്നലെ രാത്രി 7.30 ഓടെ കടുവയെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകരെത്തി ഇതിനെ കൂട്ടില്‍ കയറ്റാന്‍ പദ്ധതിയിടുന്നതിനിടെ കടുവഅരമണിക്കൂറിനുള്ളില്‍ ചത്തു.

കഴിഞ്ഞ മേയ് ഏഴിന് പുലര്‍ച്ചെ തണ്ണിത്തോട് മണ്‍പിലാവ് ഭാഗത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന കട്ടപ്പന കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യു (27)വിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം തണ്ണിത്തോട്, വടശേരിക്കര പേഴുംപാറ, മണിയാര്‍ ഭാഗങ്ങളില്‍ വിവിധ ദിവസങ്ങളിലായി കടുവ ഭീഷണിയുയര്‍ത്തി. ജനവാസകേന്ദ്രങ്ങളില്‍ പലയിടത്തും കടുവയെ കണ്ടെത്തുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. കടുവയെ പിടികൂടുന്നതിനായി റാന്നി വനമേഖലയിലെ പലഭാഗങ്ങളിലും കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം വനംവകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ച് കുംകി ആനയുടെ സഹായത്തോടെ വനമേഖലയിലും തെരച്ചില്‍ നടത്തി. രണ്ടാഴ്ചയോളമായി കടുവയെ പുറത്തേക്ക് കാണാതിരുന്നതിനാല്‍ ഇത് കാട്ടിനുള്ളിലേക്ക് മടങ്ങിയിരിക്കുമെന്നാണ് കരുതിയത്. അതിനിടെയാണ് ഇന്നലെ രാത്രി കടുവയെ ഇഞ്ചപൊയ്ക ഭാഗത്ത് കണ്ടെത്തിയത്. ഭക്ഷണം ലഭിക്കാത്തതിനാലാണ് കടുവ അവശനിലയിലായതെന്നു കരുതുന്നു. റാന്നി ഡിഎഫ്ഒ അടക്കമുള്ള വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.


Tags:    

Similar News