സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ ദൊട്ടപ്പന്‍കുളത്ത് കടുവയിറങ്ങി. ബത്തേരി നഗരത്തിന് സമീപമാണ് കടുവയെത്തിയത്. വീടിന്റെ മതില്‍ കടുവ ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. വനപാലകര്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് കടുവയിറങ്ങിയിരുന്നു. കാട് മൂടി കിടക്കുന്ന ബീനാച്ചി എസ്‌റ്റേറ്റില്‍ നിന്നാണ് കടുവയെത്തിയതെന്നാണ് വിവരം.
നിലവില്‍ വയനാട് കടുവശല്യം രൂക്ഷമാണ്. ചീരാലില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാന്‍ ഉത്തരവിട്ടു. പ്രദേശത്ത് കൂടുതല്‍ കുടുകള്‍ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമയി മുണ്ടക്കൊല്ലി, വല്ലത്തൂര്‍, കരിവള്ളി പ്രദേശങ്ങളില്‍ കടുവ ഏഴ് പശുക്കളെയാണ് ആക്രമിച്ചു കൊന്നത്. കടുവ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ചീരാല്‍ വില്ലേജില്‍ ഹര്‍ത്താലും ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.
കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് തോട്ടമൂല ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7 പശുക്കളെയാണ് കടുവ കൊന്നത്.