തിരുപ്പതി: കൊവിഡ് രോഗം ബാധിച്ച് മരിച്ച 21 പേരെ സംസ്കരിച്ച് തിരുപ്പതി വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ ഭുമണ്ണ കരുണാകര്‍. തിരുപ്പതി റുയ ആശുപത്രിയില്‍ മൃതദേഹം അനാഥമായി കിടന്നപ്പോഴാണ് എംഎല്‍എ മുന്‍കൈയെടുത്ത് സംസ്കരിച്ചത്. മൃതദേഹങ്ങള്‍ പാരമ്പര്യമായ രീതിയില്‍ പൂക്കള്‍ കൊണ്ടലങ്കരിച്ചാണ് ശ്മശാനത്തിലെത്തിച്ചത്. മുസ്ലിം ജമാഅത്തിന്റെയും സര്‍ക്കാരിന്റെയും വാഹനങ്ങള്‍ മൃതദേഹം നീക്കം ചെയ്യാന്‍ ഉപയോഗിച്ചു.
കൊവിഡ് വ്യാപനം തുടങ്ങിയതോടെ മരണപ്പെട്ട പലരുടെയും മൃതദേഹങ്ങള്‍ അനാഥമായി കിടക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. സാമ്പത്തിക പ്രശ്നം കൊണ്ടല്ല, കൊവിഡ് ഭീതിയിലാണ് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കുടുംബം തയ്യാറാവാതിരുന്നത്.
മുസ് ലിം ജമാഅത്ത് കൗണ്‍സിലാണ് എംഎല്എക്കാവശ്യമായ സഹായങ്ങള്‍ ചെയ്തത്. അവര്‍ മാത്രം ഇതുവരെ 501 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി അദ്ദേഹം പറഞ്ഞു.
രണ്ട് തവണ തനിക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും രോഗത്തെ തനിക്ക് ഭയമില്ലെന്ന് എംഎല്‍എ പറഞ്ഞു. ഒരു ഉത്തരവാദിത്തമുള്ള എംഎല്‍എ എന്ന നിലയില്‍ ഇതിനെതിരേ താന്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിപിഇ കിറ്റ് ധരിച്ചാണ് അദ്ദേഹം സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തത്.