ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഡംബല്‍ കൊണ്ട് തലക്കടിച്ച് കൊന്നു; റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലയുടെ ചുരുളഴിച്ച് പോലിസ്

തിരിച്ചറിയാതിരിക്കാന്‍ പ്രതി ഹെല്‍മെറ്റ് ഊരാതെയാണ് റോഡിലൂടെയും നടന്നത്‌

Update: 2024-11-25 11:19 GMT

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരി ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലിസ്.കടബാധ്യത തീര്‍ക്കാനാണ് സുഹൃത്തായ ഗിരീഷ്‌കുമാര്‍, ജെയ്‌സിയെ കൊന്നതെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്. മുമ്പ് ജെയ്‌സിയുടെ ഫ്ളാറ്റില്‍ വച്ച് പരിചയപ്പെട്ട ഖദീജ എന്ന യുവതിയാണ് ഇതിന് ഗിരീഷ്‌കുമാറിനെ സഹായിച്ചത്. നിരവധി ദിവസം ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്നും പോലിസ് പറയുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വേണ്ട നീക്കങ്ങളും പ്രതികള്‍ നടത്തി. ഇതെല്ലാം, വിശദമായ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞു വീഴുകയായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശിയായ ജെയ്‌സി ഏബ്രഹാമിനെ (55) ഈ മാസം 17നാണ് കൂനംതൈ അമ്പലം റോഡിലുള്ള ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ടും അമ്മ എടുക്കാത്തതിനെ തുടര്‍ന്ന് കാനഡയിലുള്ള മകള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് പോലിസ് മനസിലാക്കിയത്. അതിന് ശേഷമാണ് ജെയ്‌സിയുമായി ബന്ധപ്പെട്ടവരുടെയെല്ലാം വിവരങ്ങള്‍ ശേഖരിച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.

തൃക്കാക്കര സ്വദേശിയായ ഗിരീഷ് ബാബുവും തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശിയായ ഖദീജയും ഈ ഫ്ളാറ്റില്‍ എത്താറുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന ഇവരെ ചോദ്യം ചെയ്തു. ലോണ്‍ ആപ്പ് വഴിയും ക്രെഡിറ്റ് കാര്‍ഡിലൂടെയും കടക്കാരനായിരുന്ന ഗിരീഷ് ബാബുവെന്നും പോലിസ് കണ്ടെത്തി. അതിനാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ആസൂത്രണം വെളിയിലായത്. കഴിഞ്ഞ രണ്ടു മാസമായി രണ്ടു പ്രതികളും ജെയ്‌സിയെ കൊല്ലാന്‍ ഗൂഡാലോചന നടത്തുന്നുണ്ടായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ച പണവും സ്വര്‍ണവും ഫ് ളാറ്റില്‍ ഉണ്ടാകുമെന്നായിരുന്നു പ്രതികളുടെ ധാരണ. ആരുടേയും കണ്ണില്‍പ്പെടാതെ എങ്ങനെ ഫഌറ്റില്‍ എത്താമെന്ന് രണ്ട് തവണ ഗീരീഷ് കുമാര്‍ ട്രയലും നടത്തി.

നവംബര്‍ 17ന് രാവിലെ മറ്റൊരാളുടെ ബൈക്കില്‍ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള വീട്ടില്‍ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‌ലെയിന്‍ റോഡില്‍ എത്തി. സിസിടിവി കാമറകളില്‍ മുഖം പതിയാതിരിക്കാന്‍ ഹെല്‍മെറ്റും സ്ഥിരമായി ധരിച്ചു. അവിടെ നിന്നു രണ്ട് ഓട്ടോറിക്ഷകള്‍ മാറിക്കയറി രാവിലെ പത്തരയോടെ ജെയ്‌സിയുടെ റൂമില്‍ എത്തുകയായിരുന്നു.

താന്‍ കൊണ്ടുവന്ന മദ്യം ജെയ്‌സിയുമൊത്ത് കഴിച്ച ഗിരീഷ് കുമാര്‍ അവര്‍ അബോധാവസ്ഥയില്‍ ആയതോടെ ഡംബല്‍ കൊണ്ട് തലക്കടിക്കുകയായിരുന്നു. തലക്കടിയേറ്റപ്പോള്‍ ഉണര്‍ന്ന ജെയ്‌സിയുടെ മുഖത്ത് തലയണ കൊണ്ട് അമര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് തെന്നി വീണതാണ് എന്നു വരുത്താനായി മൃതദേഹം വലിച്ച് ശുചിമുറിയിലെത്തിച്ചു.

തുടര്‍ന്ന് ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ ഗിരീഷ് കുമാര്‍ ധരിച്ചിരുന്ന ഷര്‍ട്ട് മാറി ബാഗില്‍ കരുതിയിരുന്ന മറ്റൊരു ഷര്‍ട്ട് ധരിച്ചു. ജെയ്‌സിയുടെ കൈകളില്‍ ധരിച്ചിരുന്ന രണ്ടു സ്വര്‍ണ വളകളും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത് ഫ്ളാറ്റിന്റെ വാതില്‍ പൂട്ടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപാര്‍ട്ട്‌മെന്റിന്റെ പരിസരത്തെത്തി പോലീസിന്റെ നീക്കങ്ങള്‍ പ്രതി നിരീക്ഷിച്ചു. അപാര്‍ട്ട്‌മെന്റിന്റെ അകത്തേക്ക് പോകുന്ന ഒരാള്‍ മറ്റൊരു ഷര്‍ട്ട് ധരിച്ച് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പോലിസിന് ആദ്യ ദിവസങ്ങളില്‍ തന്നെ ലഭിച്ചിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ മനസ്സിലായിരുന്നില്ല.

Similar News