തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്ന കേസിലാണ് സർക്കാർ തീരുമാനം. നിലവില്‍ വിജിലന്‍സാണ് കേസ് അന്വേഷിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അഴിമതി നടന്നത്. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ മാലിന്യസംസ്കരണ പ്ലാന്‍റ് നിര്‍മിക്കുന്നതിന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഫിന്‍ലന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേസ്. ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ് ഇപ്പോള്‍ പ്രതികള്‍. 80 കോടി നഷ്ടം സംഭവിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിദേശ കമ്പനി ഉള്‍പ്പെടുന്ന കേസായതിനാൽ സിബിഐക്ക് കൈമാറണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.