ജമാഅത്തെ ഇസ്‌ലാമി കേരള മുന്‍ അമീര്‍ ടി കെ അബ്ദുല്ല നിര്യാതനായി
ഇസ്‌ലാമിക ചിന്തകന്‍, വാഗ്മി,ജമാഅത്തെ ഇസ് ലാമി സംസ്ഥാന കൗണ്‍സില്‍ അംഗം, അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗം,ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം, ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍ എന്നീസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി കേരള മുന്‍ അമീറുമായ ടി കെ അബ്ദുല്ല നിര്യാതനായി. 92 വയസായിരുന്നു. ഇസ്‌ലാമിക ചിന്തകന്‍, വാഗ്മി,ജമാഅത്തെ ഇസ് ലാമി സംസ്ഥാന കൗണ്‍സില്‍ അംഗം, അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗം,ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം, ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍ എന്നീസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 19721979, 19821984 കാലയളവുകളില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറായിരുന്നു.1972-1979, 1982-1984 കാലയളവുകളില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ തുടക്കം മുതല്‍ സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതല്‍ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്. ഇത്തിഹാദുല്‍ ഉലമാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.
കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്്‌ല്യാരുടെയും ഫാത്വിമയുടെയും മകനായി 1929 ല്‍ ജനിച്ചു.വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമുഅ മസ്ജിദ്, പുളിക്കല്‍ മദീനതുല്‍ ഉലൂം, കാസര്‍ഗോഡ് ആലിയ അറബിക് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. ഇവിടെ വിദ്യാര്‍ഥിയായിരിക്കെ പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ ചേര്‍ന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവര്‍ത്തനം ചെയ്തു.1959ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി. അതേ വര്‍ഷം ഹാജി സാഹിബിന്റെ മരണത്തെ തുടര്‍ന്ന് ടി മുഹമ്മദ് സാഹിബ് പത്രാധിപരും ടി കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964ല്‍ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ നിരോധിക്കപ്പെട്ട പ്രബോധനം 1994ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ ടി കെ അബ്ദുല്ല ചീഫ് എഡിറ്ററായി. 1995 അവസാനത്തില്‍ കെ സി അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രബോധനത്തില്‍ നിന്ന് വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. കേരള മജ്‌ലിസു ത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐപിടി മെമ്പര്‍, അല്‍ മദീന ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, ദല്‍ഹി ദഅ്‌വ ട്രസ്റ്റ് മെമ്പര്‍, അലിഗഡ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം,ഐഎസ്ടി മെമ്പര്‍, ഐഎംടി മെമ്പര്‍, ഐപിഎച്ച് ഉപദേശക സമിതി അംഗം, കുറ്റിയാടി ഇസ്ലാമിയ കോളജ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിക്കുകയായിരുന്നു. രചനകള്‍: 'നടന്നു തീരാത്ത വഴികളില്‍' എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നവോത്ഥാന ധര്‍മ്മങ്ങള്‍','നാഴികക്കല്ലുകള്‍','ഇഖ്ബാലിനെ കണ്ടെത്തല്‍', 'അല്ലാമാ ഇഖ്ബാലിന്റെ കവിതകള്‍' എന്നിവ രചനകളാണ്. ശരീഅത്ത് വിവാദ കാലത്ത് കേരളത്തില്‍ സജീവമായി ഇസ്‌ലാമികപക്ഷത്ത് നിന്ന് ഇടപെട്ട പ്രഭാഷകനായിരുന്നു. കമ്മ്യൂണിസത്തെ സൈദ്ധാന്തിക തലത്തില്‍ നിരൂപണം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. മലയാളം പോലെ തന്നെ ടി കെ നടത്തിയ ഉറുദു പ്രഭാഷണങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നവയായിരുന്നൂ.ഭാര്യ: കുഞ്ഞാമിന. മക്കള്‍: ടികെഎം ഇഖ്ബാല്‍,ടി കെ ഫാറൂഖ്, സാജിദ.