ഇലക്ടറൽ ബോണ്ട്; നിർണായക വിവരം പുറത്തുവിടാതെ ബിജെപിയും കോൺഗ്രസും; വൻതുക സമാഹരിച്ച് ഡിഎംകെ
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പുറത്തുവിടാന്‍ മടിച്ച് പ്രമുഖ പാര്‍ട്ടികള്‍. ബോണ്ടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ആരുടെ കയ്യില്‍നിന്നും സംഭാവന വാങ്ങിയെന്ന വിവരം ഇതുവരെ വെളിപ്പെടുത്താന്‍ ബിജെപിയോ കോണ്‍ഗ്രസോ തയ്യാറായിട്ടില്ല.ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടികള്‍ കൈപ്പറ്റിയ തുക മാത്രം വെളിപ്പെടുത്തിയപ്പോള്‍ രാജ്യത്തെ പത്ത് പാര്‍ട്ടികള്‍ ആരില്‍ നിന്നെല്ലാമാണ് സംഭാവന സ്വീകരിച്ചത് വെളിപ്പെടുത്തി. ഇവരില്‍നിന്ന് എത്ര രൂപയാണ് വാങ്ങിയതെന്നും ഈ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിഎംകെ, അണ്ണാ ഡിഎംകെ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ജെഡിഎസ്, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി-ഗോവ, ആം ആദ്മി പാര്‍ട്ടി, എസ്പി, എന്‍എസ്പി, ജെഡിയു എന്നീ പാര്‍ട്ടികളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് ലിമിറ്റഡില്‍ നിന്ന് 509 കോടി രൂപ സംഭാവന ലഭിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി മൊത്തത്തില്‍ ഡിഎംകെയ്ക്ക് 656.5 കോടി രൂപയാണ് ലഭിച്ചത്. അതില്‍, 77 ശതമാനവും (509 കോടി രൂപ) ലഭിച്ചിരുക്കുന്നത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്നാണ്. 1368 കോടി രൂപയുടെ ബോണ്ടുകളാണ് ഇദ്ദേഹത്തിന്റെ സ്ഥാപനം വാങ്ങിയത്.
കേന്ദ്രസര്‍ക്കാരിന്റെ മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ചുമതല ലഭിക്കാറുള്ള മേഘാ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറാണ് ഡിഎംകെയ്ക്ക് സംഭാവന നല്‍കിയിരിക്കുന്നവരില്‍ മറ്റൊരു പ്രധാനി. 105 കോടി രൂപയാണ് ഇവര്‍ നല്‍കിയത്. സണ്‍ ടിവി 100 കോടി രൂപയും ഇന്ത്യ സിമന്റ്‌സ് 14 കോടി രൂപയും ഡിഎംകെയ്ക്ക് നല്‍കിയിട്ടുണ്ട്.
ഡിഎംകെയുടെ പ്രധാന എതിരാളികളായ അണ്ണാ ഡിഎംകെയ്ക്ക് 6.05 കോടി രൂപ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ലഭിച്ചു. ഇതില്‍, അഞ്ച് കോടി രൂപ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നാണ്. എഎപിക്ക് ബജാജ് ഗ്രൂപ്പില്‍ നിന്നും 2019-ല്‍ മൂന്ന് കോടി രൂപ ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ടാണ് തിരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മുദ്രവച്ച കവറില്‍ സുപ്രിംകോടതിയില്‍ നല്‍കിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.