മാള ടൗണ്‍ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു

മാള ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്റിലെ മുന്‍വശത്തെ മാള ആലുവ റോഡില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് ഗതാഗതക്കുരുക്കിനു കാരണം.

Update: 2020-03-10 14:45 GMT

മാള: ടൗണ്‍ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. മാള ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്റിലെ മുന്‍വശത്തെ മാള ആലുവ റോഡില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് ഗതാഗതക്കുരുക്കിനു കാരണം. നേരത്തെ ഇവിടെ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് പോലിസ് ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെ ട്രാഫിക് നിയന്ത്രിക്കാന്‍ പോലിസിനെ നിയോഗിച്ചിട്ടില്ല. മാള പോലിസ് സ്‌റ്റേഷന്റെ മൂക്കിന് താഴെയാണ് ഈ ഗതാഗത കുരുക്ക്. ഫയര്‍ ഫോഴ്‌സ്, അത്യാഹിത വിഭാഗത്തില്‍ ഓടുന്ന ആംബുലന്‍സുകള്‍ തുടങ്ങിയവ ചീറിപായുന്ന പ്രധാന റോഡാണിത്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വ്വീസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവ കുരുക്കില്‍ അകപ്പെടുകയാണ്.

ബസ്സ് സ്റ്റാന്റിലേക്കുള്ള ബസ്സുകളും സ്റ്റാന്റില്‍ നിന്ന് പുറത്തേക്കുള്ള ബസുകളും കടന്നു പോകേണ്ട റോഡാണിത്. ഈ ഭാഗത്ത് ട്രാഫിക് സംവിധാനം വേണ്ടതുണ്ട്.

കെ കെ റോഡിലേക്ക് തിരിയുന്ന ജങ്ഷന്‍ കൂടിയാണിത്. മാള സര്‍ക്കാര്‍ ആശുപത്രി കൂടാതെ രണ്ട് സ്വകാര്യ ആശുപത്രികളിലേക്ക് വാഹനങ്ങള്‍ എത്തുന്നതും ഇതുവഴിയാണ്. വാഹനങ്ങള്‍ സ്ഥിരമായി റോഡില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം. നേരത്തെ ഇവ കണ്ടെത്തി അനധികൃത പാര്‍കിംഗിന് പിഴ ഈടാക്കിയിരുന്നു. ഇതോടെ വാഹനങ്ങള്‍ ഈ ഭാഗത്ത് പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നില്ല. പൊലീസ് സംവിധാനം നിഷ്‌ക്രിയമായതോടെ വീണ്ടും പാര്‍ക്കിംഗ് തുടരുകയാണ്. ഗതാഗത കുരുക്കിന് പുറമേ നിത്യേന നൂറുകണക്കിന് യാത്രക്കാരും മറ്റുമെത്തുന്ന ഇവിടെ അപകടത്തിനും കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ അനധികൃത വാഹന പാര്‍ക്കിംഗ് ഒഴിവാക്കി ഗതാഗതം സുഗമമാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News