സൂയസ് കനാലിലെ ഗതാഗതക്കുരുക്ക്: കനാലിലൂടെ കടന്നുപോകാന്‍ കാത്തിരിക്കുന്നത് 321 കപ്പലുകള്‍

Update: 2021-03-27 16:58 GMT

കെയ്‌റോ: സൂയസ് കനാലിലെ ഗതാഗതക്കുരുക്ക് തുടരുന്നതിനിടയില്‍ കാനാലിലൂടെ കടന്നുപോകാന്‍ കാത്തിരിക്കുന്ന കപ്പലുകളുടെ എണ്ണം 321 ആയതായി സൂയസ് കനാല്‍ ഹെഡ് ഓഫ് വാട്ടര്‍വെ ഒസാമ റാബി അറിയിച്ചു.

1,300 അടി നീളമുള്ള എവര്‍ ഗിവണ്‍ എന്ന ചരക്കുകപ്പലാണ് സൂയസ് കനാലില്‍ കുരുങ്ങിക്കിടക്കുന്നത്. കപ്പലിനെ മാറ്റി കുരുക്കഴിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ആരായുന്നുണ്ടെങ്കിലും അതില്‍ ഏറെയൊന്നും വിജയിച്ചിട്ടില്ല.

''നിലവില്‍ 321 കപ്പലുകളാണ് കനാലിലൂടെ കടക്കാന്‍ കാത്തിരിക്കുന്നത്. സംഭവത്തിന് നിരവധി കാരണങ്ങളുണ്ടാവാം. ചിലപ്പോള്‍ മാനുഷികമായ തെറ്റുമാകാം''-റാബി വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ 10 ടഗ്‌ബോട്ടുകളാണ് പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്നത്. കപ്പലിന്റെ വലിപ്പവും അതിനുള്ളിലെ കണ്ടെയ്‌നറുകളുടെ എണ്ണവുമാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്.

ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വിജയം കാണാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ അതേ കുറിച്ച് കൂടുതല്‍ പറയുന്നത് ശരിയല്ലെന്നും റാബി പറഞ്ഞു.

സമുദ്രപാതയിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കാണ് സൂയസ് കനാലില്‍ ഉണ്ടായിരിക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലില്‍ ചൊവ്വാഴ്ച്ചയാണ് കണ്ടെയ്‌നര്‍ കപ്പല്‍ ഗതാഗം പൂര്‍ണമായും തടസ്സപ്പെടുത്തി കുടുങ്ങിക്കിടന്നത്. ഇതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള നൂറിലധികം കപ്പലുകല്‍ മുന്നോട്ടുപോകാനാവാതെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്.

നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ കപ്പല്‍ കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു എവര്‍ ഗിവണ്‍ കപ്പല്‍.

ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്‌വാനിലെ ഒരു കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്റെ ഉടമസ്ഥര്‍. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവര്‍ഗ്രീന്‍ മറൈന്‍ പറയുന്നത്. നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്റെ വശം കനാലിന്റെ ഒരുഭാഗത്ത് ഇടിച്ചു നില്‍ക്കുകയായിരുന്നു.

Tags:    

Similar News