ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വണ്ടിക്കൂലി: ആരോപണങ്ങള്‍ പൊളിച്ച് കോണ്‍ഗ്രസ്; അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ പോലിസില്‍ പരാതി
ആലപ്പുഴ: കേരളത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വണ്ടിക്കൂലി നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയെ പരിഹസിച്ചും വണ്ടിച്ചെക്ക് നല്‍കിയെന്ന് ആരോപിച്ചും നടത്തിയ പ്രചാരണങ്ങളെ പൊളിച്ച് കോണ്‍ഗ്രസ് നേതൃത്വം. പ്രചാരണം നടത്തിയ പ്രൊഫൈലുകള്‍ക്കെതിരേ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ജില്ലാ പോലിസ് മേധാവിക്ക് പരാതിയും നല്‍കി.
വണ്ടിക്കാശ് നല്‍കാനായി കോണ്‍ഗ്രസ് നല്‍കിയ അക്കൗണ്ടില്‍ ആവശ്യമായ പണമില്ലെന്നാണ് ചില പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നല്‍കിയ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ചെക്കില്‍ ആവശ്യമായ തുകയുണ്ടെന്ന് ബാങ്കിന്റെ ആലപ്പുഴ ബ്രാഞ്ച് മേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ ഡിസിസി പ്രസിഡന്റുമായ അഡ്വ. എം ലിജു പുറത്തുവിട്ടു.
അക്കൗണ്ടില്‍ ആവശ്യമായ പണമില്ലെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയ്ക്കു വേണ്ടി അഡ്വ. എം ലിജു പരാതിയും നല്‍കി. വ്യാജപ്രചാരണം നല്‍കിയ പ്രൊഫൈലുകള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും അപകീര്‍ത്തിപ്പെടുത്തിയതിനുമെതിരേയാണ് കെവിന്‍ അനില്‍, പ്രമോദ് കടവില്‍, പ്രിനു പ്രകാശ് കടവില്‍ തുടങ്ങിയ പ്രൊഫൈലുകള്‍ക്കെതിരേ പരാതി നല്‍കിയത്.
ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രയിനില്‍ പോകേണ്ട തൊഴിലാളികളുടെ വണ്ടിക്കൂലി നല്‍കാനായി പത്തു ലക്ഷത്തി അറുപത്തിനായിരത്തി ഇരുനൂറു രൂപയുടെ ഡിസിസിയുടെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ചെക്കാണ് മെയ് 5 ആം തിയ്യതി കലക്ടറെ ഏല്‍പ്പിച്ചത്. എന്നാല്‍ പണം വാങ്ങാന്‍ സാങ്കേതിക തടസ്സമുണ്ടെന്ന് പറഞ്ഞ് കലക്ടര്‍ പണം സ്വീകരിച്ചില്ല. മാത്രമല്ല, അന്നുതന്നെ നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അതിനെ പരിഹസിക്കുകയും ചെയ്തു.