ദീര്‍ഘവീക്ഷണത്തോടെ മുന്നൊരുക്കം; ചികിത്സാ കേന്ദ്രങ്ങള്‍ സുസജ്ജം

ജാഗ്രത കൈവെടിയരുത്. വീടുകളില്‍ മാസ്‌ക് ഉപയോഗിക്കണം

Update: 2021-05-06 16:39 GMT

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കൊവിഡ് രോഗികളുടെ വര്‍ധനവ് പരിഗണിച്ച് ജില്ലയില്‍ മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ സാംബ ശിവ റാവു പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പരമാവധി ശേഷി ഉപയോഗപ്പെടുത്താതെ തന്നെ നിലവിലുള്ള സാഹചര്യം നേരിടാനുളള ചികിത്സാ സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനുള്ള ജില്ലാ തല മുഴുവന്‍ സമയ വാര്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 75,000 രോഗികളെ വരെ ചികിത്സിക്കാനാവശ്യമായ മുന്‍ കരുതലോടുകൂടിയാണ് കോവിഡ് ചികിത്സാ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. മെഡിക്കല്‍ കോളജ്, ഐഎംസിഎച്ച്, ബീച്ച് ആശുപത്രി, പിഎംഎസ്എസ്‌വൈ ബ്ലോക്ക് എന്നീ സര്‍ക്കാര്‍ മേഖലയിലെ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമെ മിംസ്, ഇഖ്‌റ, ബേബി മെമ്മോറിയല്‍, മലബാര്‍ മെഡിക്കല്‍ കോളേജ്, തുടങ്ങിയ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പങ്കാളികളാണ്. ഏത് ഘട്ടത്തിലും ഉപയോഗപ്പെടുത്താവുന്ന സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രികളും മാസങ്ങള്‍ക്ക് മുന്നെ തന്നെ സജ്ജമായിട്ടുണ്ട്.

കോവിഡ് രോഗ ചികിത്സാ, പ്രതിരോധ നടപടികളുടെ ഏകോപനത്തിന് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ മുഴുവന്‍ വിരങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ കൊവിഡ് ആശുപത്രികളില്‍ ഉപയോഗപ്പെടുത്തുന്നതിലേക്കായി 3688 കിടക്കകള്‍ ഇപ്പോള്‍ സജ്ജമാണ്. ഓക്‌സിജന്‍ ലഭ്യതയും ആവശ്യത്തിനുണ്ട്.നാലു മണിക്കൂര്‍ ഇടവേളയില്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും.ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.ചികിത്സാ സൗകര്യങ്ങള്‍ നിരീക്ഷിക്കാനും നടപ്പിലാക്കാനും ജില്ലാ ഭരണകൂടത്തിന് കീഴില്‍ ഓരോ കോഡിനേറ്റര്‍മാരെ ആശുപത്രികളില്‍ നിയോഗിച്ചിട്ടുണ്ട്.

ജില്ലയിലെ 38 കോവിഡ് ആശുപത്രികളില്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നതിന് നീക്കിവെച്ചതില്‍ 685 കിടക്കകള്‍ ഇപ്പോള്‍ ഒഴിവുണ്ട്. 60 ഐസിയു കിടക്കകളും 38 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 360 കിടക്കകളുമാണ് നിലവില്‍ ഒഴിവുള്ളത്. ഒന്‍പത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി 194 കിടക്കകളും 37 ഐസിയു കിടക്കകളും 29 വെന്റിലേറ്ററുകളുമുണ്ട്. 13 സിഎഫ്എല്‍ടിസികളിലായി 492 കിടക്കകളും ഒഴിവുണ്ട്.

രോഗം സ്ഥിരീകരിച്ച് വീടുകളില്‍ കഴയുന്നവരെ കൃത്യമായി നിരീക്ഷിക്കാന്‍ ശക്തമായ സംവിധാനമുണ്ട്. ഇതിനായി കൊവിഡ് രോഗ പകര്‍ച്ച വീടുകളില്‍ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തില്‍ വ്യക്തികള്‍ വീടുകളിലും മാസ്‌ക് നിര്‍ബ്ബന്ധമായും ധരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും രോഗലക്ഷണമുള്ളവരും സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ വീടുകളില്‍ തന്നെ കഴിയുന്നുണ്ട്. ഇത് കാരണം വീടുകളിലുള്ള മുഴുവന്‍ പേര്‍ക്കും രോഗബാധയുണ്ടാകുന്നു. രോഗലക്ഷണങ്ങളുളളവരെ നിര്‍ബന്ധമായും ഡൊമിസലറി കെയര്‍ സെന്ററിലേക്കോ എഫ്.എല്‍.ടി.സികളിലേക്കോ മാറ്റി താമസിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Tags:    

Similar News