ബിജെപിയുടേത് വിചാരധാര പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം: മെത്രാപ്പൊലീത്ത യുഹാനോസ് മിലിത്തിയോസ്
ക്രൈസ്തവരോടുള്ള സമീപനത്തില്‍ സംഘപരിവാറിനും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മിലിത്തിയോസ്
തൃശൂര്‍: ക്രൈസ്തവരോടുള്ള സമീപനത്തില്‍ സംഘപരിവാറിനും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മിലിത്തിയോസ്. ഒരു വശത്ത് ക്രൈസ്തവ നേതൃത്വത്തെ പ്രീണിപ്പിക്കാനും മറുവശത്ത് പ്രാദേശിക തലത്തില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിചാരധാരയിലെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് അവരുടെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലേയും ശ്രീലങ്കയിലേയും ക്രിസ്ത്യാനികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്. എന്നാല്‍ മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാന്‍ പ്രധാനമന്ത്രി ഒരുക്കമല്ലെന്നും മെത്രാന്മാരെ ആദരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും യുഹാനോസ് മെലെത്തിയോസ് പരഞ്ഞു. ഡല്‍ഹിയില്‍ മെത്രാനാമാരെ ആദരിക്കുകയും പുല്‍ക്കൂട് വന്ദിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു.
ഇന്നലെയാണ് ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തത്. ഇന്നലെ തത്തമംഗലത്ത് സ്‌കൂളിലെ പുല്‍ക്കൂട് വിഎച്ച് പി തകര്‍ക്കുകയും ചെയ്തിരുന്നു. സംഘപരിവാര്‍ സമീപനങ്ങളിലെ ഈ വൈരുധ്യം സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭകളില്‍ വിയോജിപ്പുണ്ടാക്കിയെന്നതിന്റെ തെളിവാണ് മെത്രാപ്പൊലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ ഇരട്ടത്താപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയോട് തുറന്ന് സംസാരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അല്ലാതെയുള്ളതെല്ലാം നാടകമായോ തമാശയായോ കാണാനേ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.