പിന്നാക്ക സംവരണത്തിനു തുരങ്കം വയ്ക്കുന്ന ഇടത് സര്‍ക്കാരിന് സവര്‍ണ സംവരണത്തില്‍ അമിതാവേശമെന്ന് തുളസീധരന്‍ പള്ളിക്കല്‍

Update: 2020-08-13 13:56 GMT

തിരുവനന്തപുരം: ഭരണഘടനാനുസൃത പിന്നാക്ക സംവരണം നടപ്പാക്കാന്‍ വിമുഖത കാണിക്കുന്ന ഇടത് സര്‍ക്കാര്‍ സവര്‍ണ സംവരണത്തിന് അമിതാവേശം കാണിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ അനുവദിക്കുന്നതില്‍ യാതൊരു താല്‍പ്പര്യവും കാണിക്കാത്ത സര്‍ക്കാരാണ് മുന്നാക്ക സംവരണത്തിന് അര്‍ഹമായതില്‍ കൂടുതല്‍ നല്‍കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 26.6 ശതമാനമാണ്. എന്നാല്‍ സംവരണം അനുവദിച്ചിരിക്കുന്നത് കേവലം 7ശതമാനം മാത്രം. 24 ശതമാനമുള്ള ഈഴവര്‍ക്ക് ലഭിക്കുന്നത് 8 ശതമാനം. അതേസമയം സംസ്ഥാനത്ത് മുന്നാക്ക ഹിന്ദുക്കള്‍ 11 ശതമാനവും മുന്നാക്ക െ്രെകസ്തവര്‍ 9 ശതമാനവുമാണ്. ആകെയുള്ള 20 ശതമാനത്തിന് 10 ശതമാനം സംവരണമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള 80 ശതമാനത്തിന് ലഭിക്കുന്നത് കേവലം 30 ശതമാനത്തില്‍ താഴെ മാത്രം.

സാമ്പത്തിക സംവരണം സംബന്ധിച്ച കേസുകള്‍ നിലവില്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെ അവ നടപ്പാക്കിയേ അടങ്ങൂ എന്ന ഇടത് സര്‍ക്കാരിന്റെ പിടിവാശി സംശയകരമാണ്. പല പി.ജി കോഴ്‌സുകളിലും പിന്നാക്ക സംവരണം 1 ശതമാനമാണ്. അതായത് പല കോഴ്‌സുകളിലും 100 സീറ്റ് കാണില്ല. അതോടെ പിന്നാക്ക സംവരണം ജലരേഖയായി മാറും. പ്രഫഷനല്‍ കോഴ്‌സുകളില്‍ 80 ശതമാനം വരുന്ന പിന്നാക്കക്കാര്‍ക്ക് ലഭിക്കുന്നത് 30 ശതമാനം. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് 28 ശതമാനവും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 30 ശതമാനവും. മെഡിക്കല്‍, എന്‍ജിനീയറിങ് മേഖലകളില്‍ ഈഴവര്‍ക്ക് കേവലം മൂന്ന് ശതമാനവും മുസ്‌ലിം വിഭാഗത്തിന് രണ്ട് ശതമാനവുമാണ് സംവരണം. കൂടാതെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണാനുകുല്യം ലഭിക്കുന്നതിന് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സുപ്രിം കോടതിയില്‍ നിന്നുള്‍പ്പെടെ പിന്നാക്ക സംവരണ തോത് 50 ശതമാനം വരെ ഉറപ്പുനല്‍കുമ്പോള്‍ അത് നടപ്പാക്കാന്‍ നാളിതുരെ മാറി മാറി വന്ന സര്‍ക്കാരുകള്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. സവര്‍ണ സംവരണത്തിന് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചപ്പോള്‍ അതു നടപ്പാക്കാന്‍ ഏറ്റവും ആവേശം കാണിക്കുന്നത് കേരളത്തിലെ ഇടത് സര്‍ക്കാരാണെന്നത് അവരുടെ സവര്‍ണ പ്രീണനത്തെയാണ് വ്യക്തമാക്കുന്നത്. തിടുക്കത്തില്‍ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത് തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി. 

Tags:    

Similar News