ഈജിപ്തിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് ടിവി ചാനലുകളോട് തുര്‍ക്കി ആവശ്യപ്പെട്ടു
അങ്കാറ: ഈജിപ്തിനെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്താംബുള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി ചാനലുകളോട് തുര്‍ക്കി അധികൃതര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ചാനലുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ 2013ല്‍ ഈജിപ്ഷ്യന്‍ സൈന്യം പുറത്താക്കിയതിന് ശേഷം ഈജിപ്ത് തുര്‍ക്കി ബന്ധം വഷളായിരുന്നു. ഇത് മെച്ചപ്പെടുത്താന്‍ ആരംഭിച്ച നീക്കങ്ങളുടെ ഭാഗമായാണ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ മാധ്യമങ്ങളോട് ഈജിപ്ഷ്യന്‍ വിമര്‍ശനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. മുസ്‌ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയെന്ന് ആരോപിച്ച് ഈജിപ്ത് നിരോധിച്ചിരുന്നു. ഉര്‍ദുഗാന്റെ പാര്‍ട്ടിയായ എകെ പാര്‍ട്ടി മുര്‍സിയുടെ ഈജിപ്ഷ്യന്‍ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്ന് നിരവധി ബ്രദര്‍ഹുഡ് അംഗങ്ങളും അനുയായികളും തുര്‍ക്കിയിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
ഈജിപ്തിനെ വിമര്‍ശിക്കുന്ന പരിരപാടികള്‍ സംപ്രേക്ഷണം ചെയ്താല്‍ പിഴ ചുമത്തുമെന്നും ടിവി സ്‌റ്റേഷനുകള്‍ ശാശ്വതമായി അടക്കുമെന്നുമാണ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്.