പൂനെയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു, ഒരാളെ കാണാതായി
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ വെള്ളിയാഴ്ച രാവിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിയില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഹൗസിങ് സൊസൈറ്റിയുടെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനടയിലാണ് അപകടം നടന്നത്.
വകോളി പ്രദേശത്ത് ഒരു സ്വകാര്യ ഹൗസിങ് സൊസൈറ്റിയുടെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് സംഭവമെന്ന് പൂനെ മെട്രോപോളിറ്റന്‍ റീജ്യന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവര്‍ ടാങ്കിനുള്ളില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്.
'അപകടത്തില്‍പ്പെട്ടവര്‍ 18 അടി താഴ്ചയുള്ള ഡ്രെയിനേജ് കം സെപ്റ്റിക് ടാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. അവര്‍ ശ്വാസം മുട്ടി അകത്ത് കുടുങ്ങിയതായി തോന്നുന്നു. രാവിലെ 7 മണിയോടെ ഞങ്ങളെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ ശേഷം ഞങ്ങള്‍ രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു'- പൂനെ മെട്രോപോളിറ്റന്‍ റീജ്യന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്ന് ഹൗസിങ് സൊസൈറ്റിക്കാര്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്നാമനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.