യുപി: മോഷ്ടാക്കളെ പിടിക്കാനെത്തിയ പോലിസുകാരെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി; എസ്‌ഐക്കും കോണ്‍സ്റ്റബിളിനും പരിക്ക്
പോലിസ് സംഘത്തെ വളഞ്ഞ ഗ്രാമീണര്‍ എസ്‌ഐയുടെ സര്‍വീസ് റിവോള്‍വറും മൊബൈല്‍ഫോണും കൈക്കലാക്കുകയും ചെയ്തിരുന്നു.
ലക്‌നോ: രണ്ടു കുപ്രസിദ്ധ മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുന്നതിനായി നടത്തിയ റെയ്ഡിനിടെ നാലംഗ യുപി പോലിസ് സംഘത്തെ നാട്ടുകാര്‍ വളഞ്ഞിട്ടു തല്ലി. കൗശാംബി ജില്ലയിലെ കശുവ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ എസ്‌ഐക്കും കോണ്‍സ്റ്റബിളിനും പരിക്കേറ്റു. കൂടുതല്‍ പോലിസെത്തിയാണ് സംഘത്തെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലിസ് സംഘത്തെ വളഞ്ഞ ഗ്രാമീണര്‍ എസ്‌ഐയുടെ സര്‍വീസ് റിവോള്‍വറും മൊബൈല്‍ഫോണും കൈക്കലാക്കുകയും ചെയ്തിരുന്നു. മോഷ്ടാക്കളുടെ ബന്ധുക്കളടക്കം ഒരു ഡസനോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ തട്ടിയെടുത്ത പിസ്റ്റള്‍ ഇവരില്‍നിന്നു കണ്ടെടുത്തതായി പോലിസ് പറഞ്ഞു. അക്രമികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി കൗശാംബി പോലിസ് സൂപ്രണ്ട് അഭിനന്ദന്‍ പറഞ്ഞു.
ഗുരുതര പരിക്കുകളെതുടര്‍ന്ന് എസ്‌ഐ മരിച്ചെന്ന റിപോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഭിനന്ദന്‍ വ്യക്തമാക്കി.
പ്രദേശത്തെ കുപ്രസിദ്ധ മോഷ്ടാക്കളായ പിന്റുവിനെയും സഹോദരന്‍ ടിങ്കുവിനെയും അറസ്റ്റുചെയ്യാന്‍ എസ്‌ഐ കെ ആര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കച്ചുവ ഗ്രാമത്തില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് അക്രമസംഭവങ്ങളുണ്ടായത്. ഗ്രാമത്തില്‍ പ്രവേശിച്ചയുടനെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ഗ്രാമീണര്‍ പോലിസ് സംഘത്തെ വളയുകയും കെ ആര്‍ സിങ്ങിനെയും കോണ്‍സ്റ്റബിള്‍ ദിലീപ് സിങ്ങിനെയും ഇഷ്ടികയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സബ് ഇന്‍സ്‌പെക്ടറുടെ സര്‍വീസ് പിസ്റ്റളും മൊബൈല്‍ ഫോണും ജനക്കൂട്ടം തട്ടിയെടുത്തു. തുടര്‍ന്ന്
സര്‍ക്കിള്‍ ഓഫീസര്‍ രാംവീര്‍ സിംഗിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘമെത്തി കടുത്ത ബലപ്രയോഗത്തിലൂടെയാണ് പോലിസുകാരെ മോചിപ്പിച്ചത്. പിന്റു, ടിങ്കു, അവരുടെ അമ്മ, മറ്റ് ഏതാനും കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ഒരു ഡസന്‍ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.