'മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യും'; യുപിയില്‍ മുസ്‌ലിം പള്ളിക്ക് പുറത്ത് വിദ്വേഷപ്രസംഗവുമായി ഹിന്ദു സന്യാസി, ' ജയ് ശ്രീറാം' മുഴക്കി 'അനുയായികള്‍' (വീഡിയോ)

Update: 2022-04-08 09:13 GMT

ലഖ്‌നോ: മുസ്‌ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയുമായി ഹിന്ദു സന്യാസി രംഗത്ത്. ലഖ്‌നോവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സീതാപൂര്‍ ജില്ലയില്‍ ഒരു മുസ്‌ലിം പള്ളിക്ക് പുറത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കാവിവസ്ത്രം ധരിച്ച സന്യാസി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുമെന്ന് ആക്രോശിച്ചത്. ഇതിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലിസ് അന്വേഷണം ആരംഭിച്ചു.

ഏപ്രില്‍ രണ്ടിന് നടന്ന സംഭവത്തില്‍ ആറുദിവസത്തിനുശേഷമാണ് പോലിസ് അന്വേഷണം നടത്താന്‍ തയ്യാറായിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് നവരാത്രി, ഹിന്ദു പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ ഖൈരാബാദ് ടൗണിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദസിന്‍ ആശ്രമത്തിലെ മഹന്ത് ബജ്‌റംഗ് മുനി ദാസ് എന്ന സന്യാസിയാണ് വിദ്വേഷപ്രസംഗം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കാവി വസ്ത്രം ധരിച്ച സന്യാസി ജീപ്പിനുള്ളില്‍നിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഒരു പോലിസുകാരനും വീഡിയോയിലുണ്ട്. മൈക്കില്‍ സംസാരിക്കുമ്പോള്‍, ആള്‍ക്കൂട്ടം 'ജയ് ശ്രീറാം' എന്ന് വിളിച്ച് ആക്രോശിക്കുമ്പോഴാണ് പ്രസംഗകന്‍ വര്‍ഗീയവും വിദ്വേഷജനകവുമായ കാര്യങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ജാഥ ഒരു പള്ളിക്ക് സമീപമെത്തിയപ്പോഴാണ് ഉച്ചഭാഷിണിയില്‍ വിദ്വേഷ പ്രസംഗം നടത്താന്‍ തുടങ്ങിയതെന്നാണ് ആരോപണം. 'ഖൈരാബാദില്‍ ഒരൊറ്റ ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ കളിയാക്കുകയാണെങ്കില്‍, നിങ്ങളുടെ മകളെയും മരുമകളെയും ഞാന്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് പരസ്യമായി ബലാല്‍സംഗം ചെയ്യുമെന്ന് ഞാന്‍ എല്ലാ സ്‌നേഹത്തോടെയും നിങ്ങളോട് പറയുന്നു. ഇതുകേട്ട് ആള്‍ക്കൂട്ടം ആര്‍ത്തുവിളിക്കുന്നതും കാണാം.

തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ പിരിച്ചെടുത്തതായും ഇദ്ദേഹം പ്രസംഗത്തില്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ നാല് പോലിസുകാരെയും കാണുന്നുണ്ട്. ഏപ്രില്‍ രണ്ടിനാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാല്‍ അഞ്ചുദിവസത്തിനുശേഷവും പോലിസ് നടപടിയൊന്നുമെടുത്തിട്ടില്ലെന്നും ഫാക്ട് ചെക്ക് വെബ്‌സൈറ്റ് ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടുകൊണ്ട് കുറിച്ചു. അതേസമയം, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിഷയം അന്വേഷിക്കുകയാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും സീതാപൂര്‍ പോലിസ് പറഞ്ഞു.


 അഡീഷനല്‍ സൂപ്രണ്ട് ഓഫ് പോലീസ് നോര്‍ത്ത് രാജീവ് ദീക്ഷിതിന്റെ നേതൃത്വത്തിലാമ് സീതാപൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പുറത്തുവരുന്ന വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നിയമാനുസൃതമായ നിയമനടപടികള്‍ ഉറപ്പാക്കുമെന്ന് പോലിസ് പറഞ്ഞു. സുബൈറിന്റെ പോസ്റ്റിന് പിന്നാലെ നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ 'ബജ്‌റംഗ് മുനി' എന്ന സന്യാസിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

വിഷയത്തില്‍ കര്‍ശനമായ ഇടപെടല്‍ ആവശ്യപ്പെട്ട് ഉപയോക്താക്കള്‍ യുഎന്‍ മനുഷ്യാവകാശ സംഘടനയ്ക്കും ദേശീയ വനിതാ കമ്മീഷനും വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ വീഡിയോ ടാഗ് ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ പരാമര്‍ശത്തെ അപലപിക്കുകയും സന്യാസിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ പോലിസ് നിശബ്ദരായ കാഴ്ചക്കാരാവരുത്. സ്ത്രീകള്‍ക്ക് വേണ്ടി ഇത്തരം ക്രൂരമായ ഭാഷകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ഉചിതമായ നടപടികള്‍ അവര്‍ സ്വീകരിക്കണം- കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News