സ്വാമി ചിന്‍മയാനന്ദിനെതിരായ പീഡനപരാതി: മാധ്യമവിചാരണ തങ്ങളെ സ്വാധീനിക്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം

പീഡനത്തിന് ഇരയായ പെണ്‍കുട്ടി വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ചിന്‍മയാനന്ദിനെ അറസ്റ്റുചെയ്യാത്തതിനെതിരേ വ്യാപകപ്രതിഷേധമുയരുകയും ആത്മഹത്യാ ഭീഷണിയുമായി പെണ്‍കുട്ടി തന്നെ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രത്യേക അന്വേഷണസംഘം രംഗത്തെത്തിയത്.

Update: 2019-09-18 18:26 GMT

ലഖ്‌നോ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ഉത്തര്‍പ്രദേശിലെ നിയമവിദ്യാര്‍ഥിനിയായ പെണ്‍കുട്ടി നല്‍കിയ ലൈംഗികപീഡനക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമവിചാരണ തങ്ങള്‍ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം മേധാവി നവീന്‍ അറോറ. പീഡനത്തിന് ഇരയായ പെണ്‍കുട്ടി വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ചിന്‍മയാനന്ദിനെ അറസ്റ്റുചെയ്യാത്തതിനെതിരേ വ്യാപകപ്രതിഷേധമുയരുകയും ആത്മഹത്യാ ഭീഷണിയുമായി പെണ്‍കുട്ടി തന്നെ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രത്യേക അന്വേഷണസംഘം രംഗത്തെത്തിയത്.

രാഷ്ട്രീയസ്വാധീനമുള്ളതിനാലാണ് ചിന്‍മയാനന്ദിനെതിരേ പോലിസ് ബലാല്‍സംഗക്കുറ്റം ചുമത്താത്തതും അറസ്റ്റുചെയ്യാത്തതുമെന്ന ആരോപണം തങ്ങളെ ബാധിക്കുന്നതല്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. ഏതെങ്കിലും ചില വ്യക്തികളോ മാധ്യമങ്ങളോ ഉന്നയിക്കുന്ന ചോദ്യങ്ങളോ വിചാരണയോ തങ്ങളെ സ്വാധീനിക്കില്ലെന്നും പീഡനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും നവീന്‍ അറോറ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കണം. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പരിശോധിക്കുന്നതിന് ഹൈക്കോടതി ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ചിന്‍മയാനന്ദിനെതിരായ നിലവിലെ എഫ്‌ഐആറില്‍ എന്തെങ്കിലും മാറ്റംവരുത്തുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല.

ചോദ്യം ചെയ്യാനായി ചിലരെ വിളിച്ചിരുന്നു. ആളുകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് അനുസരിച്ച് അന്വേഷണം നടത്താനാവില്ല. ആരോപണം തെളിയിക്കാന്‍ വ്യക്തമായ രേഖകള്‍ ആവശ്യമാണ്. അതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. പൊതുജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണം. അന്വേഷണവുമായി സഹകരിക്കണം. ഞങ്ങള്‍ക്ക് അല്‍പം സമയം നല്‍കണം. അന്വേഷണം പൂര്‍ത്തിയായശേഷം റിപോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നും അറോറ വ്യക്തമാക്കി. നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ സപ്തംബര്‍ ആദ്യവാരമാണ് സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏഴുമണിക്കൂറോളം ചിന്‍മയാനന്ദിനെ പോലിസ് ചോദ്യംചെയ്‌തെങ്കിലും ബലാല്‍സംഗക്കുറ്റം ചുമത്താതെ തട്ടിക്കൊണ്ടുപോവല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ മാത്രം ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ തയ്യാറാക്കുകയായിരുന്നു.  

Tags:    

Similar News