ജനവിധി അംഗീകരിക്കുന്നു; യുഡിഎഫ് മുന്നേറ്റം മാറുന്ന രാഷ്ട്രീയത്തിന്റെ ഫലസൂചികയെന്ന് കെ സുധാകരന്‍

സിപിഎം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് 7 സീറ്റില്‍ നിന്നും 14 ആക്കി വര്‍ധിപ്പിക്കുകയെന്നത് നേട്ടം തന്നെയാണ്

Update: 2022-08-22 08:45 GMT

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും യുഡിഎഫിന്റെ നില മെച്ചപ്പെടുത്താനും സാധിച്ചത് യുഡിഎഫ് പ്രവര്‍ത്തകരുടെ ഐക്യത്തിന്റെയും ഒരുമയുടെയും വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

കേരളത്തില്‍ മാറുന്ന രാഷ്ട്രീയത്തിന്റെ ഫലസൂചികയാണ് യുഡിഎഫ് മുന്നേറ്റം നടത്തിയ മട്ടന്നൂരിലെ ഉള്‍പ്പെടെ സമീപകാലത്ത് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം. ജനവിധി അംഗീകരിക്കുമ്പോഴും സിപിഎം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് 7 സീറ്റില്‍ നിന്നും 14 ആക്കി വര്‍ധിപ്പിക്കുകയെന്നത് വലിയ നേട്ടം തന്നെയാണ്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്നുള്ള വോട്ടു കച്ചവടവും കള്ളവോട്ടും ഉള്‍പ്പെടെ നടത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചിട്ടും അവരുടെ കോട്ടയില്‍ തിളക്കമാര്‍ന്ന മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിച്ചു.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ യുഡിഎഫിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും അപ്രാപ്യമായിരുന്നു. എല്ലാത്തരം വെല്ലുവിളികളെയും അതിജീവിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ കൂടി നേട്ടമാണിത്. എല്‍ഡിഎഫിന് നഗരസഭ നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും അതിന്റെ പൊലിമയും മാറ്റും കുറയ്ക്കാന്‍ കഴിഞ്ഞത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമങ്ങളുടെ വിജയമാണ്. യുഡിഎഫിന്റെ മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 

Tags:    

Similar News