ജനറല്‍ സെക്രട്ടറിമാരെ തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെ; യുഡിഎഫ് യോഗത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ട് നിന്നു

ഹൈക്കമാന്റ് ഇടപെട്ടിട്ടും കെപിസിസി നേതൃത്വം കൂടിയാലോചന നടത്തുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രധാന പരാതി.

Update: 2021-11-29 07:31 GMT

തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. തിരുവനന്തപുരത്തുണ്ടായിട്ടും ഇരു നേതാക്കളും യോഗത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. എല്ലാ കാര്യങ്ങളിലും കെപിസിസി നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുന്നുവെന്നാണ് ഇരുനേതാക്കളുടേയും പരാതി. ഹൈക്കമാന്റിനെ വരെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും മാറ്റങ്ങളൊന്നും ഉണ്ടാകാത്തതില്‍ ഇരുവരും അതൃപ്തരാണ്.

ഹൈക്കമാന്റ് ഇടപെട്ടിട്ടും കെപിസിസി നേതൃത്വം കൂടിയാലോചന നടത്തുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രധാന പരാതി. രാഷ്ട്രീയ കാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങള്‍ ഏകപക്ഷീയമായി നടത്തുന്നു. ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയതും കൂടിയാലോചന ഇല്ലാതെയാണെന്ന് ഇരു നേതാക്കളും ആരോപിക്കുന്നു.

ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകളെ പൂര്‍ണമായും തഴഞ്ഞുവെന്ന പരാതിയുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടവരെ വെട്ടിനിരത്തിയതും അതൃപ്തി കൂട്ടി. തൊട്ടുപിന്നാലെ വന്ന കെപിസിസി പുനസംഘടനയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. രമേശുമായും ഉമ്മന്‍ചാണ്ടിയുമായും അടുപ്പമുളളവരെ ഒഴിവാക്കിയപ്പോള്‍ ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുവന്നവര്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്തു.

നേതാക്കളുടെ പരാതി പരിഹരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് വ്യക്തം.

Tags:    

Similar News