രാജീവ് ഗാന്ധി വധം: പ്രതികളെ വിട്ടയച്ച സുപ്രംകോടതി തീരുമാനം പൂര്‍ണമായും തെറ്റെന്ന് കോണ്‍ഗ്രസ്

Update: 2022-11-11 10:36 GMT

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച സുപ്രിംകോടതി തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. കോടതി രാജ്യത്തിന്റെ വികാരം മനസ്സിലാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. തീരുമാനം പൂര്‍ണമായും തെറ്റാണെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന കൊലയാളികളെ മോചിപ്പിക്കാനുള്ള സുപ്രിംകോടതിയുടെ തീരുമാനം അസ്വീകാര്യമാണ്.

കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ ശക്തമായി വിമര്‍ശിക്കുകയാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ സുപ്രിംകോടതി ഇന്ത്യയുടെ ആത്മാവിന് അനുസൃതമായി പ്രവര്‍ത്തിക്കാത്തത് ഏറ്റവും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷയനുഭവിക്കുന്ന ആറ് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രിംകോടതിയാണ് ഉത്തരവ് നല്‍കിയത്. എസ് നളിനി, ജയകുമാര്‍, ആര്‍ പി രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ശ്രീഹരന്‍, സുതേന്ദ്രരാജ എന്നിവരുടെ മോചിപ്പിക്കാനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ പരോളിലുള്ള നളിനി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ബി വി നാഗരത്‌ന എന്നിവരുടെ ബെഞ്ച് ഈ ഉത്തരവ് നല്‍കിയത്.

കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ 2022 മെയ് 18ന് മോചിപ്പിച്ച ഉത്തരവിലെ മാനദണ്ഡങ്ങള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവര്‍ക്കും ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ മോചിപ്പിക്കണമെന്ന് 2018 സപ്തംബര്‍ ഒമ്പതിന് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിക്കുന്ന ഗവര്‍ണര്‍ പാലിക്കണമെന്ന് കോടതി പ്രസ്താവിച്ചു. ജയിലില്‍ തികഞ്ഞ അച്ചടക്കത്തോടെ കഴിഞ്ഞ പ്രതികളില്‍ പലരും ശിക്ഷാകാലത്ത് വിദ്യാഭ്യാസ രംഗത്ത് പുരോഗതി നേടിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News