ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് ഒക്ടോബര്‍ മുതല്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച ലൈസന്‍സാണ് ഒക്ടോബര്‍ 1 മുതല്‍ ജനങ്ങളിലേക്കെത്തുക. രാജ്യത്തെ ഏത് സംസ്ഥാനത്തെയും പോലിസ് സംവിധാനത്തിന് ലൈസന്‍സ് ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം. ലൈസന്‍സില്‍ ക്യു ആര്‍കോഡും രേഖപ്പെടുത്തും. ലൈസന്‍സില്‍ ഏത് സംസ്ഥാനക്കാരനാണെന്നും ലൈസന്‍സ് നല്‍കിയ ആര്‍ടിഒയുടെ വിവരവും രേഖപ്പെടുത്തിയിരിക്കും.
കൂടാതെ, 10 വര്‍ഷത്തിനിടയില്‍ വാഹനനിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പിഴകളുടെയും മറ്റു വിവരങ്ങളും പുതിയ ലൈസന്‍സില്‍ ഡാറ്റയായി സൂക്ഷിക്കാന്‍ സാധിക്കും. പുതിയതായി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് മാത്രമല്ല, പുതുക്കുന്നവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈന്‍സുകളാകും വിതരണം ചെയ്യുക.
രാജ്യത്തെ ഇരുപത്തിയഞ്ച് ശതമാനം ആളുകള്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചാണ് വണ്ടി ഓടിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഏകീകൃതലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
അതേസമയം, സമാനരീതിയില്‍ തന്നെ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും (ആര്‍സി) ഏകീകൃത രീതിയിലേക്ക് മാറ്റുന്നുണ്ട്. ഏകീകൃത രീതി പ്രകാരം രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കാന്‍ കേന്ദ്രത്തിന് സാധിക്കും.