കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ശ്രീനിവാസനെ വേട്ടയാടുന്നത് കേന്ദ്രത്തിന്റെ പാളിച്ചകള്‍ മറയ്ക്കാന്‍: രമേശ് ചെന്നിത്തല

Update: 2021-05-15 11:10 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികള്‍ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണ്. അദ്ദേഹം നേതൃത്വം നല്‍കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ 108 രൂപ സംഭാവന ചെയ്തു 'ഞങ്ങളാണ് സോഴ്‌സ്' കാംപയിന്‍ വിജയിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം നല്‍കി.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടിയാണ് ഡല്‍ഹി പോലിസ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ശ്രീനിവാസിന്റെ എല്ലാ സേവനപ്രവര്‍ത്തനങ്ങളും സുതാര്യമാണ്. പ്രാണവായു കിട്ടാതെ പിടയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിച്ചു നല്‍കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു ന്യുയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ തുറന്നു എഴുതിയിരുന്നു.

സ്വന്തം നാടിന് ആവശ്യമായ വാക്‌സിന്‍ നല്‍കാതെ വിദേശരാജ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്ത മോദി സര്‍ക്കാരിന്റെ പിടിപ്പുകേട് കൂടി ഈ മാധ്യമങ്ങള്‍ തുറന്നുകാട്ടിയിരുന്നു. ആന്റിവൈറല്‍ മരുന്ന് അനധികൃതമായി സൂക്ഷിച്ച ബിജെപി എംപിമാര്‍ക്കെതിരെ നടപടി എടുക്കാതെയാണ് സുതാര്യമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശ്രീനിവാസിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസ് തിരിഞ്ഞിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.



Tags:    

Similar News