കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയെ സന്ദര്‍ച്ചു

Update: 2022-04-04 06:07 GMT

മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഞായറാഴ്ച മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുമായി മുംബൈയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ സന്ദര്‍ശനം തികച്ചും കുടുംബപരമാണെന്നും അതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഇരുവരും പ്രതികരിച്ചു. 

താനുമായി ഏറെ കാലത്തെ കുടുംബബന്ധമുണ്ടെന്നും തന്റെ ക്ഷണമനുസരിച്ചാണ് ഗഡ്കരി വസതിയിലെത്തിയതെന്നും താക്കറെ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നില്ല. രാജ് താക്കറെയുമായും കുടുംബാംഗങ്ങളുമായും എനിക്ക് 30 വര്‍ഷമായി നല്ല ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പുതിയ വീട് കാണാനും അമ്മയുടെ സുഖം അറിയാനുമാണ് ഞാന്‍ വന്നത്. ഇത് കുടുംബ സന്ദര്‍ശനമായിരുന്നു, രാഷ്ട്രീയമല്ല''-ഗഡ്കരി പറഞ്ഞു.

പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് രാജ് താക്കറെ ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഗഡ്കരിയുടെ സന്ദര്‍ശനമെന്നതുകൊണ്ട് രാഷ്ട്രീയവൃത്തങ്ങള്‍ ഈ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പള്ളികളിലെ സ്പീക്കറുകള്‍ മാറ്റിയില്ലെങ്കില്‍ ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ച് അവിടെ ഹനുമാന്‍ ചാലിസ വായിക്കുമെന്നായിരുന്നു ഭീഷണി.

''ഞാന്‍ പ്രാര്‍ത്ഥനയ്ക്ക് എതിരല്ല, നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍ നമസ്‌കരിക്കാം, എന്നാല്‍ മസ്ജിദ് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ സ്പീക്കറുകള്‍ സ്ഥാപിച്ച് അവിടെ ഹനുമാന്‍ ചാലിസ വായിക്കും''-പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു,

Tags:    

Similar News