ഒറ്റപ്പാലത്ത് ബിജെപിയില്‍ ചേരിപ്പോര്; കേന്ദ്ര മന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവിന് ആര്‍എസ്എസ്സുകാരുടെ മര്‍ദ്ദനം
ഒറ്റപ്പാലം: ബിജെപി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയിലെ ചേരിപ്പോര് കൈയാങ്കളിയിലെത്തി. കേന്ദ്രമന്ത്രി വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിനെയും അയല്‍വാസിയേയും ആര്‍എസ്എസ്സുകാര്‍ വീടുകയറി ആക്രമിച്ചു. പേഴ്‌സണല്‍ സ്റ്റാഫ് സൂരജിന്റെ അമ്മാവന്‍ വി ഉണ്ണിക്കൃഷ്ണന്‍, അയല്‍വാസി പി അപ്പുക്കുട്ടന്‍ എന്നിവരെയാണ് ആര്‍എസ്എസ്സുകാര്‍ മാരകായുധങ്ങളുമായി അകലൂരിലെ വീട്ടില്‍ക്കയറി ആക്രമിച്ചത്. രണ്ടു പേര്‍ക്കും പരിക്കേറ്റു.
ബിജെപി ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് എസ് ദുര്‍ഗാദാസിനെ അനുകൂലിക്കുന്ന ലെക്കിടി, പേരൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ദുര്‍ഗാദാസിനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതില്‍ ഉണ്ണിക്കൃഷ്ണനും അപ്പുക്കുട്ടനും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എസ് ദുര്‍ഗാദാസ് ചുമതല ഏറ്റതോടെ എതിര്‍ചേരിക്കാരെ കൂട്ടത്തോടെ കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കി. ഇതാണ് ചേരിപ്പോര് രൂക്ഷമാകാന്‍ കാരണമായത്.
കഴിഞ്ഞ ദിവസം ബിജെപി മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ രമേഷ് ബാബു പാര്‍ട്ടിയില്‍നിന്ന് രാജിവച്ചിരുന്നു. ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് എന്‍ കെ മണികണ്ഠനും നിലവിലെ പ്രസിഡന്റ് എസ് ദുര്‍ഗാദാസിന്റെയും നേതൃത്വത്തിലുള്ള ചേരികളാണ് പരസ്പരം പോരടിക്കുന്നത്.