കോട്ടയം: എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീറലിയുടെയും പോപുലര്‍ ഫ്രണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം സി എ റഊഫിന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംസി റോഡ് ഉപരോധിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. പലരെയും റോഡില്‍നിന്ന് വലിച്ചിഴച്ച് മാറ്റാന്‍ പോലിസ് ശ്രമിച്ചതോടെ പോലിസും പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഒരു പ്രവര്‍ത്തകനെ പോലിസ് അറസ്റ്റു ചെയ്തു. സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പോലിസുകാരും ആഭ്യന്തരവകുപ്പും ഇത് യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശല്ലെന്ന് ഓര്‍ക്കണമെന്ന് അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.
രണ്ട് മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ച എസ്ഐ സുധീഷ്‌കുമാറിനെതിരേ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്റെ പേരിലാണ് അമീര്‍ അലിയെയും സി എ റഊഫിനെയും പോലിസ് അറസ്റ്റു ചെയ്തത്. ഇതിനെതിരേയാണ് എസ്ഡിപിഐ 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍, സമരത്തോട് പോലിസ് അതിവൈകാരികമായാണ് സമീപിക്കുന്നത്. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ റോഡുപരോധങ്ങള്‍ നടത്തുമ്പോഴൊന്നും കാണിക്കാത്ത അസഹിഷ്ണുതയാണ് പോലിസ് പുലര്‍ത്തുന്നത്. ഇത്തരം ചെറിയ ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല എസ്ഡിപിഐ പ്രവര്‍ത്തകര്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സുപ്രിംകോടതിയെ വരെ വിമര്‍ശിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. കണ്ണൂരില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകരുടെ കൈ അറ്റപ്പോള്‍ പോലിസിന്റെ ആവേശമൊന്നും കണ്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
ജില്ലാ പ്രസിഡന്റ് യു നവാസ്, ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍, ഷമീര്‍ അലിയാര്‍, പി എ മുഹമ്മദ് സാലി, അന്‍സല്‍ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.