12 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി;വോളിബോള്‍ കോച്ചിന് 36 വര്‍ഷം തടവു ശിക്ഷ
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വോളിബോള്‍ കോച്ചിന് 36 വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.വോളിബോള്‍ കോച്ച് പി വി ബാലനെ(68) ആണ് തടവു ശിക്ഷക്ക് വിധിച്ചത്.ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി സി സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ പതിനൊന്നുമാസം അധികതടവുമനുഭവിക്കണം. പ്രകൃതിവിരുദ്ധ പീഡനത്തിന് 10 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവും പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 26 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.വോളിബോള്‍ കോച്ചായ പ്രതി സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരം കാണിക്കാനായി 12 വയസ്സുകാരനെ കൊണ്ടുപോയി ചെറുപുഴയിലെ ലോഡ്ജില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.കേസിന്റെ പ്രാഥമികാന്വേഷണം നടത്തിയത് അന്നത്തെ ചിറ്റാരിക്കല്‍ എസ്‌ഐയും നിലവില്‍ ഇന്‍സ്‌പെക്ടറുമായ രഞ്ജിത്ത് രവീന്ദ്രനാണ്. എസ്‌ഐ ഉമേശനാണ് തുടരന്വേഷണം നടത്തിയത്. കെ പി വിനോദ് കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.