ഭൂമി തട്ടിപ്പ് ആരോപിച്ച് യുപി പോലിസ് കമലാനെഹ്രു ട്രസ്റ്റിനെതിരേ കേസെടുത്തു

Update: 2021-03-14 18:50 GMT

റായ്ബറേലി: കോണ്‍ഗ്രസ് നേതൃത്വത്തിനും ഗാന്ധി കുടുംബത്തിനുമെതിരേ യുപി പോലിസിന്റെ നടപടി തുടരുന്നു. റായ്ബറേലിയിലെ കമലാനെഹ്രു ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് യുപി പോലിസ് കേസെടുത്തു. കമലാ നെഹ്രു ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കുന്നത് ഇതാദ്യമല്ല. നേരത്തെയും ഇതുസംബന്ധിച്ച നടപടികളുമായി യുപി പോലിസ് രംഗത്തുവന്നിരുന്നു.

എഫ്‌ഐആര്‍ അനുസരിച്ച് മുന്‍ റായ്ബറേലി എംപി ഷീല കൗളിന്റെ മകന്‍ വിക്രം കൗള്‍, കമലാ നെഹ്രു ട്രസ്റ്റിന്റെ സെക്രട്ടറി സുനില്‍ദേവ്, ട്രസ്റ്റ് അംഗം സുനില്‍ തിവാരി തുടങ്ങിയവര്‍ക്കെതിരേയാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം കേസെടുത്തിരിക്കുന്നത്.

നാസുല്‍ ഭൂമി ട്രസ്റ്റിന്റെ ഭൂമിയായി കാണിച്ച് ഗാന്ധിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നാണ് കേസ്. അവകാശികളില്ലാത്ത സര്‍ക്കാരിന്റെ ഉടമസ്ഥതയിലാകേണ്ട ഭൂമിയെയാണ് നാസുല്‍ ഭൂമി എന്ന് പറയുന്നത്.

ഐപിസി 417, 420, 471, 474 തുടങ്ങിയ വകുപ്പുകളാണ് എല്ലാവര്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങ്ങ് ട്രസ്റ്റിന്റെ ഇടപാടുകളില്‍ സംശയമുണ്ടെന്ന് കാണിച്ച് ഇക്കണോമിക്‌സ് ഒഫന്‍സ് വിങ്ങിന് പരാതി നല്‍കിയിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അംഗമായ ട്രസ്റ്റാണ് കമലാ നെഹ്രു ട്രസ്റ്റ്. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വാങ്ങിയ ഭൂമി ദശകങ്ങള്‍ക്കുശേഷം ഉപയോഗിക്കാതെയിട്ട് മറിച്ചുവിറ്റ് കോടികള്‍ നേടിയെന്നാണ് പരാതിയില്‍ പറയുന്നത്.

Tags:    

Similar News