കോപ്പിയടിക്കാന്‍ പരിശീലനം: യു.പിയില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
പരീക്ഷയില്‍ കോപ്പിയടിക്കാന്‍ പരിശീലനം നല്‍കുന്ന വീഡിയോ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പരാതി പോര്‍ട്ടലിലേക്ക് ഒരു വിദ്യാര്‍ത്ഥി അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്നാണ് പോലിസ് പ്രിന്‍സിപ്പലിനെ പൊക്കിയത്.
ലഖ്‌നൗ: ബോര്‍ഡ് പരീക്ഷകളില്‍ എങ്ങനെ കോപ്പിയടിക്കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തതിന് ഉത്തര്‍ പ്രദേശില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റു ചെയ്തു. മൗ ജില്ലയിലെ സ്വകാര്യ സ്‌കൂളിന്റെ മാനേജരും പ്രിന്‍സിപ്പലുമായ പ്രവീണ്‍ മാളിനെയാണ് ബുധനാഴ്ച പോലിസ് അറസ്റ്റ് ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിക്കാന്‍ പരിശീലനം നല്‍കുന്ന വീഡിയോ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പരാതി പോര്‍ട്ടലിലേക്ക് ഒരു വിദ്യാര്‍ത്ഥി അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്നാണ് പോലിസ് പ്രിന്‍സിപ്പലിനെ പൊക്കിയത്.
വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന വീഡിയോയില്‍ ' ഉത്തരങ്ങളുള്ള കടലാസ് കഷ്ണങ്ങള്‍ പിടിച്ചാല്‍ പോലും പരിഭ്രാന്തരാകരുതെന്നും അച്ചടക്കം പാലിക്കണമെന്നും പറയുന്നുണ്ട്. നിങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും പേപ്പറുകള്‍ എഴുതാനും കഴിയും, ആരുടെയും കൈകളില്‍ തൊടരുത്. നിങ്ങള്‍ പരസ്പരം സംസാരിക്കുന്നു, അത് കൊള്ളാം. ഭയപ്പെടരുത്. നിങ്ങളുടെ സര്‍ക്കാര്‍ സ്‌കൂള്‍ പരീക്ഷാകേന്ദ്രങ്ങളിലെ അധ്യാപകര്‍ എന്റെ സുഹൃത്തുക്കളാണ്. നിങ്ങള്‍ പിടിക്കപ്പെടുകയും ആരെങ്കിലും നിങ്ങള്‍ക്ക് രണ്ടെണ്ണം നല്‍കുകയും ചെയ്താലും, ഭയപ്പെടരുത്. അവരോട് സഹകരിക്കുക' എന്നൊക്കെയാണ് പ്രിന്‍സിപ്പലിന്റെ ഉപദേശം. ഇതിനു പുറമെ ഉത്തരങ്ങളൊന്നും അറിയില്ലെങ്കില്‍ ഉത്തര ഉത്തരക്കടലാസില്‍ 100 രൂപ നോട്ട് ഇടണമെന്നും വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുന്നുണ്ട്. 'അധ്യാപകര്‍ നിങ്ങള്‍ക്ക് അന്ധമായി മാര്‍ക്ക് നല്‍കും. നിങ്ങള്‍ നാലു മാര്‍ക്കിന്റെ ഒരു ചോദ്യത്തിന് തെറ്റായി ഉത്തരം നല്‍കിയാലും, നാല് മാര്‍ക്കിന് പകരം അവര്‍ നിങ്ങള്‍ക്ക് മൂന്ന് മാര്‍ക്ക് നല്‍കും' എന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ബോലോ ഭാരത് മാതാ കീ ജയ്, ജയ് ഭാരത് വിളികളോടെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പിലിനെ പ്രോല്‍സാഹിപ്പിക്കുന്നതും വീഡിയോവിലുണ്ട്. ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് പരീക്ഷ സംസ്ഥാനത്തുടനീളം ചൊവ്വാഴ്ച്ചയാണ് ആരംഭിച്ചത്. പത്ത്, പന്ത്രണ്ടാം ക്ലാസുകളില്‍ നിന്നുള്ള 56 ലക്ഷത്തിലധികം പേരാണ് ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷ എഴുതുന്നത്.