നഗരസഞ്ചയ പദ്ധതി: തൃശൂരില്‍ 217 കോടി രൂപയുടെ പ്രവൃത്തികളുമായി ആസൂത്രണസമിതി
തൃശൂര്‍: ജില്ലയില്‍ നഗരസഞ്ചയ പദ്ധതിയുടെ ഭാഗമായി 217 കോടി രൂപയുടെ പ്രവൃത്തികളുമായി ആസൂത്രണസമിതി.
കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം, പൊതുകുള നവീകരണം എന്നീ പ്രവൃത്തികള്‍ക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. 10 ലക്ഷത്തില്‍ കുറയാത്ത ജനസംഖ്യയുള്ള പ്രദേശങ്ങളെ നഗരസഞ്ചയമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കാട്ടകാമ്പാല്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, മുളങ്കുന്നത്തുകാവ്, വെങ്കിടങ്ങ്, എറിയാട്, വെള്ളാങ്കല്ലൂര്‍, വേളൂക്കര, പൂമംഗലം, കാട്ടൂര്‍, തെക്കുംകര, തളിക്കുളം മാടക്കത്തറ, പൂത്തൂര്‍, നടത്തറ, വല്ലച്ചിറ, പൊയ്യ, മണലൂര്‍, മതിലകം, തൃക്കൂര്‍, എളവള്ളി, കൈപ്പമംഗലം, പുന്നയൂര്‍ക്കുളം, പുന്നയൂര്‍, അരിമ്പൂര്‍, ചൊവ്വന്നൂര്‍, പോര്‍ക്കുളം, പറപ്പൂക്കര, തെക്കുംകര ഗ്രാമ പഞ്ചായത്തുകളും ചാവക്കാട്, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി, കുന്നംകുളം, ഇരിങ്ങാലക്കുട, നഗരസഭകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
പദ്ധതി രൂപവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സബ് കമ്മിറ്റിയും ജോയിന്റ് പ്ലാനിംഗ് കമ്മിറ്റിയും രൂപവല്‍ക്കരിച്ചു. അതത് മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്കും രൂപം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
ജില്ല പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ഡി ആര്‍ സി മെമ്പര്‍ അനൂപ് കിഷോര്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി ഡോ.എം എന്‍ സുധാകരന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.