കീവ്: യുക്രൈനിൽ റഷ്യ വ്യോമാക്രമണം ശക്തമാക്കുമെന്ന ഭീതിയിൽ കീവിലെ എംബസി അടച്ച് യുഎസ്. എംബസി ജീവനക്കാർക്ക് അവധി നൽകിയ യു എസ് , യുക്രൈനിലെ പൗരൻമാരോട് ബോംബ് ഷെൽട്ടറിൽ കഴിയാനും നിർദേശം നൽകി.
റഷ്യക്ക് അകത്ത് എടിഎസിഎംഎസ് മിസൈലുകൾ ഉപയോഗിക്കാൻ കഴിഞ്ഞ ദിവസം യുക്രൈന് യുഎസ് അനുമതി നൽകിയിരുന്നു. തുടർന്ന് ആണവായുധ നയത്തിൽ റഷ്യ മാറ്റം വരുത്തി. ആണവായുധമില്ലാത്ത ഏതെങ്കിലും രാജ്യം ആണവായുധമുള്ള രാജ്യത്തിൻ്റെ പിന്തുണയോടെ റഷ്യയെ ആക്രമിക്കുകയാണെങ്കിലും റഷ്യക്ക് ആണവായുധം ഉപയോഗിക്കാമെന്നാണ് പുതിയ നയം പറയുന്നത്.
ഇതിന് തൊട്ട് മുമ്പായി യുഎസ് നൽകിയ പുതിയ മിസൈൽ പടിഞ്ഞാറൻ റഷ്യയിലെ സൈനികത്താവളത്തിന് നേരെ യുക്രൈൻ ഉപയോഗിക്കുകയും ചെയ്തു. പുതിയ നയം പ്രാബല്യത്തിൽ വന്നതിനാൽ റഷ്യ ഇനി എന്തു ചെയ്യുമെന്നാണ് യുഎസ് ഉറ്റുനോക്കുന്നത്.
പുതിയ മിസൈലിന് പുറമെ ആൻ്റി പേഴ്ണൽ ലാൻഡ് മൈനും (കുഴിബോംബ് ) യുക്രൈന് നൽകാൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കക്ക് എതിരെ ക്യൂബയിൽ സോവിയറ്റ് യൂണിയൻ മിസൈൽ സ്ഥാപിച്ച 1962 ൽ സ്ഥാപിച്ച ഇരു രാജ്യങ്ങളും തമ്മിൽ സ്ഥാപിച്ച ഹോട്ട്ലൈൻ ഇപ്പോൾ പ്രവർത്തനക്ഷമമല്ലെന്ന് റഷ്യ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും പ്രസിഡൻ്റുമാർക്ക് നേരിൽ സംസാരിക്കാനാണ് ഈ ഹോട്ട്ലൈൻ.