ലബ്‌നാനിലെ ഇസ്രായേല്‍ അധിനിവേശത്തെ തുരത്തി വിജയം നേടിയെന്ന് ഹിസ്ബുല്ല; ഇസ്രായേലിന്റെ നഷ്ടക്കണക്കുകള്‍ പുറത്തുവിട്ടു

ഇസ്രായേലി സൈന്യം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തോടെ ഹിസ്ബുല്ല ഇല്ലാതാവുമെന്നാണ് അമേരിക്കയും സയണിസ്റ്റുകളും ലബ്‌നാനിലെ അവരുടെ അനുയായികളും കരുതിയത്.

Update: 2024-11-28 05:02 GMT

ബെയ്‌റൂത്ത്: ലബ്‌നാനില്‍ അധിനിവേശത്തിന് എത്തിയ ഇസ്രായേലി സൈന്യത്തെ തുരത്തിയെന്ന് ഹിസ്ബുല്ല. തൂഫാനുല്‍ അഖ്‌സക്ക് ശേഷം ഇറക്കിയ 4,638ാം പ്രസ്താവനയിലാണ് ഹിസ്ബുല്ല വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ എട്ടു മുതലുള്ള 417 ദിവസങ്ങളില്‍ ഇസ്രായേലിനെതിരേ 4,637 ഓപ്പറേഷനുകള്‍ നടത്തിയതായി ഹിസ്ബുല്ലയുടെ പ്രസ്താവന പറയുന്നു.

ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലേക്കുള്ള ആക്രമണങ്ങള്‍ മുതല്‍ വടക്കന്‍ ലബ്‌നാനിലെ കരവഴിയുള്ള അധിനിവേശത്ത ചെറുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. അത്യാധുനിക ഡ്രോണുകളും മിസൈലുകളും ഇസ്രായേലിന്റെ 150 കിലോമീറ്റര്‍ ഉള്ളില്‍ വരെയെത്തി.

ഹിസ്ബുല്ലയുടെ പ്രതിരോധത്തില്‍ ഊന്നിയ ആക്രമണത്തില്‍ 130ല്‍ അധികം ഇസ്രായേലി സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് പ്രസ്താവന പറയുന്നു. 1250ല്‍ അധികം സൈനികര്‍ക്ക് പരിക്കേറ്റു. 59 മെര്‍ക്കാവ ടാങ്കുകളും 11 സൈനിക ബുള്‍ഡോസറുകളും രണ്ട് ഹമ്മറുകളും രണ്ട് കവചിത വാഹനങ്ങളും ആറ് ഹെര്‍മിസ്-450 ഡ്രോണുകളും രണ്ട് ഹെര്‍മിസ് 900 ഡ്രോണുകളും ഒരു ക്വാഡ് കോപ്റ്റര്‍ ഗ്ലൈഡറും തകര്‍ത്തു.

പശ്ചിമേഷ്യയിലെ സമ്പത്ത് കൊള്ളയടിക്കുക എന്നത് മാത്രമാണ് യുഎസിന്റെയും ഇസ്രായേലിന്റയും ലക്ഷ്യമെന്ന് ഹിസ്ബുല്ല കേന്ദ്ര കൗണ്‍സില്‍ അംഗം ശെയ്ഖ് ഹസന്‍ അല്‍ ബാഗ്ദാദി പ്രസ്താവനയില്‍ പറഞ്ഞു.

ഫലസ്തീനിലെയും ലബ്‌നാനിലെയും പ്രതിരോധ പ്രസ്ഥാനങ്ങളുടെ സൈനികശേഷിയിലുള്ള വ്യത്യാസം മുതലെടുക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍, അധിനിവേശം തുടങ്ങിയപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അതുകൊണ്ടാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ അമേരിക്ക നെതന്യാഹുവിനെ നിര്‍ബന്ധിച്ചത്. അമേരിക്കന്‍ ആയുധങ്ങള്‍ കൊണ്ടൊന്നും ഇസ്രായേലി സൈന്യത്തിന് വിജയിക്കാനാവില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇസ്രായേലി സൈന്യം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തോടെ ഹിസ്ബുല്ല ഇല്ലാതാവുമെന്നാണ് അമേരിക്കയും സയണിസ്റ്റുകളും ലബ്‌നാനിലെ അവരുടെ അനുയായികളും കരുതിയത്. ഹിസ്ബുല്ല ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനമാണ്. അത് വ്യക്തികേന്ദ്രീകൃതമായല്ല പ്രവര്‍ത്തിക്കുന്നതെന്നും ശെയ്ഖ് ഹസന്‍ അല്‍ ബാഗ്ദാദി വിശദീകരിച്ചു.

Tags:    

Similar News