കോഴിക്കോട്: ജില്ലയിലെ ഓണാഘോഷത്തിന് പകിട്ടേകാന്‍ ഉസ്താദ് റഫീഖ് ഖാനെത്തുന്നു. വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് സംഗീത സാമ്രാട്ട് കോഴിക്കോടെത്തുന്നത്. സെപ്റ്റംബര്‍ 9 ന് വൈകുന്നേരം 6 മണിക്ക് ഉസ്താദ് നയിക്കുന്ന സിതാര്‍ സംഗീത രാവിന് തളി ഓപ്പണ്‍ സ്‌റ്റേജ് വേദിയാകും.
തലമുറകളായി പകര്‍ന്നു കിട്ടിയതാണ് സിതാറില്‍ മാന്ത്രികത തീര്‍ക്കാനുള്ള ഉസ്താദിന്റെ കഴിവ്. ഒന്‍പതാം വയസ്സിലായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് അച്ഛന്റെയും സഹോദരന്റെയും ശിക്ഷണം കൂടിയായപ്പോള്‍ സംഗീത ലോകത്തേക്ക് കൂടുതല്‍ അടുത്തു.
ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി വേദികളില്‍ സംഗീത രാവുകള്‍ അവതരിപ്പിച്ച ഉസ്താദ് റഫീഖ് ഖാന്‍ വളരെ പെട്ടെന്നു തന്നെ സംഗീത ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരുപാട് വര്‍ഷത്തെ അനുഭവ സമ്പത്തും ഒപ്പം കലാപാരമ്പര്യവും ഉസ്താദിനെ സംഗീത ലോകത്തെ സാമ്രാട്ടാക്കി മാറ്റി.
സുറുമണി അവാര്‍ഡ്, സന്ദേശ അവാര്‍ഡ്, സംഗീത് സൗരഭ പട്ടം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഉസ്താദിനെ തേടിയെത്തി. സിതാര്‍ കലാകാരനായ ഇരട്ട സഹോദരന്‍ ഷഫീഖ് ഖാനൊപ്പം അവതരിപ്പിക്കുന്ന ജുഗല്‍ബന്ദിക്ക് ലോകത്താകമാനം ആരാധകരേറെയാണ്. തന്റെ കൈവിരല്‍ കൊണ്ട് ഉസ്താദ് സിതാറിലൊരുക്കുന്ന മായാജാലം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കോഴിക്കോട്ടുകാര്‍.