ഉത്തരാഖണ്ഡില്‍ ബസ് കൊക്കയില്‍ വീണു; നിരവധി പേര്‍ക്ക് പരിക്ക്

Update: 2022-10-05 01:36 GMT

കോട്ദ്വാര്‍: ഉത്തരാഖണ്ഡില്‍ 50 ഓളം യാത്രക്കാരുമായി പോയ ബസ് റോഡില്‍നിന്നു തെന്നി കൊക്കയില്‍ പതിച്ചു. റിഖ്‌നിഖല്‍- ബൈറോഖല്‍ റോഡില്‍ സിംദി ഗ്രാമത്തിനരികില്‍ കിഴക്കന്‍ നായര്‍ നദിയുടെ താഴ്‌വരയിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് റിപോര്‍ട്ടുകള്‍. 500 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് പതിച്ചതെന്ന് പോലിസ് പറഞ്ഞു. വിവരമറിഞ്ഞ് ധുമകോട്ട്, റിഖ്‌നിഖല്‍ പോലിസ് സ്ഥലത്തെത്തി. പൗരി ജില്ലയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കനത്ത ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഏറെ സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. പരിക്കേറ്റ ഒമ്പത് പേരെ പൗരി ഗര്‍വാള്‍ പോലിസ് ബിറോന്‍ഖല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പ്രവേശിപ്പിച്ചു. ഹരിദ്വാര്‍ ജില്ലയിലെ ലാല്‍ദാംഗ് മേഖലയില്‍ നിന്നുള്ള ബസ് ബിര്‍ഖാലിലെ കാണ്ട മല്ല ഗ്രാമത്തിലേക്ക് പോവുകയായിരുന്നെന്ന് ലാന്‍സ്ഡൗണ്‍ എംഎല്‍എ ദിലീപ് റാവത്ത് പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) ടീമുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ധാമി ട്വീറ്റ് ചെയ്തു. അപകടസ്ഥലത്ത് എല്ലാ സൗകര്യങ്ങളും എത്തിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News