ഉത്തരാഖണ്ഡ് ദുരന്തം: ആറാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2021-02-12 04:18 GMT

ഛമോലി: ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയിലെ തപോവന്‍ തുരങ്കത്തില്‍ അകപ്പെട്ടുപോയവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ആറാം ദിവസവും തുടരുന്നു. ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

ഏകദേശം 30ഓളം പേര്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

മിന്നല്‍പ്രളയത്തില്‍ അകപ്പെട്ട 36 പേരുടെ മൃതദേഹങ്ങളാണ് പലയിടങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ഇനിയും 204 പേരെ കണ്ടെത്താനുണ്ട്.

ഋഷിഗംഗയിലെ ജനനിരപ്പ് ഇനിയും വര്‍ധിക്കുകയാണെന്നും സമീപപ്രദേശങ്ങളിലെ താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലിസ് അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലിസ് അറിയിച്ചു.

ഞായറാഴ്ചയാണ് ഛമോലിയിലെ തപോവന്‍ പ്രദേശത്ത് മലയിടിച്ചിലും മിന്നല്‍ പ്രളയവുമുണ്ടായത്. തുടര്‍ന്ന് ധൗലിഗംഗയിലും അളകനന്ദയിലും ജലനിരപ്പ് ഉയര്‍ന്നു. പ്രളയവും മലയിടിച്ചിലും നിരവധി മരണങ്ങള്‍ക്ക് കാരണമായതിനു പുറമെ എന്‍ടിപിസിയുടെ 480 മെഗാവാട്ട് തപോവന്‍വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെയും ഋഷിഗംഗ ഹൈഡല്‍ പദ്ധതിയുടെയും തുരങ്കങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്‍ഡൊ തിബത്തന്‍ അതിര്‍ത്തി സേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും സംസ്ഥാന ദുരന്തനിവാരണസേനയുടെയും രക്ഷാപ്രവര്‍ത്തകരെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. മലവെള്ളപ്പാച്ചിലിലും പ്രളയത്തിലും മലയിടിച്ചിലിലും നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

Tags:    

Similar News