ഉത്തരാഖണ്ഡ് ദുരന്തം: ടണലില്‍ നിന്ന് 11 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 146 പേരെ
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 11 മൃതദേഹങ്ങള്‍ കൂടി കണ്ടത്തി. 146 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ ആകെ മരണം 58 ആയി.
തപോവനില്‍ എന്‍ടിപിസിയുടെ ഹൈഡ്രോപവര്‍ ടണലില്‍ കുടുങ്ങിപ്പോയ 11 പേരുടെ മൃതദേഹങ്ങളാണ് തിരച്ചിലില്‍ കണ്ടെത്തിയത്. ദുരന്തം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ഇവരുടെ വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും അടിഞ്ഞ നിലയിലായിരുന്നുവെന്ന് പോസ്റ്റു മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. ശ്വാസംമുട്ടിയാണ് എല്ലാവരുടെയും മരണം സംഭവിച്ചിരിക്കുന്നത്.
എന്‍ജിനീയര്‍മാര്‍, ജിയോളജിസ്റ്റുകള്‍, ശാസ്ത്രഞ്ജര്‍, സുരക്ഷാ ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ അടക്കം 325 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്‍.ടി.പി.സി, ടി.എച്ച്.ഡി.സി, സി.ഐ.എസ്.എഫ്, യു.പി.എന്‍.എല്‍ എന്നിവയില്‍ നിന്നുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ സൈറ്റില്‍ വച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുകയാണ്. ഇതിനായി എന്‍.ടി.പി.സി പ്രൊജക്ട് സൈറ്റിനു സമീപത്തായി നാല് മുറികളില്‍ താത്ക്കാലിക പോസ്റ്റുമോര്‍ട്ടം സൗകര്യങ്ങള്‍ ഒരുക്കി. നാല് ഡോക്ടര്‍മാരെയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ ഉടന്‍തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് എസ്.പി അറിയിച്ചു