ഉത്തരാഖണ്ഡിലെ മലയിടിച്ചിലും മിന്നല്‍ പ്രളയവും: ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 81 ആയി
ഛമോലി: ഉത്തരാഖണ്ഡിലെ ഛമോലിയില്‍ രണ്ട് മാസം മുമ്പുണ്ടായ അപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മലയിടിച്ചിലിലും മിന്നില്‍ പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 81 ആയി.
എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗാഡ് ഹൈഡല്‍ പവര്‍ പ്രൊജക്റ്റില്‍ നിന്ന് ഇന്ന് രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തത്.
ഫെബ്രുവരി 7ാം തിയ്യതിയാണ് ഛമോലിയിലെ തപോവന്‍ പ്രദേശത്ത് മലയിടിച്ചിലും മിന്നല്‍ പ്രളയവുമുണ്ടായത്. തുടര്‍ന്ന് ധൗലിഗംഗയിലും അളകനന്ദയിലും ജലനിരപ്പ് ഉയര്‍ന്നു. പ്രളയവും മലയിടിച്ചിലും നിരവധി മരണങ്ങള്‍ക്ക് കാരണമായതിനു പുറമെ എന്‍ടിപിസിയുടെ 480 മെഗാവാട്ട് തപോവന്‍വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെയും ഋഷിഗംഗ ഹൈഡല്‍ പദ്ധതിയുടെയും തുരങ്കങ്ങള്‍ക്ക് വലിയ കേടുപാടുകളും ഉണ്ടായി.
81 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 36 ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. 48 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 123 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.