വാക്‌സിന്‍ ഡിവൈഡ്: കൊവിന്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാനാവാതെ നിരവധി പേര്‍ വാക്‌സിനേഷന്‍ പദ്ധതിയില്‍ നിന്ന് പുറത്തേക്ക്
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന അടിസ്ഥാന വിഭാഗത്തിന് കൊവിഡ് വാക്‌സിന്‍ നഷ്ടമാക്കിയേക്കുമെന്ന് സൂചന. നഗരങ്ങളിലെ വിദ്യാസമ്പന്നര്‍പോലും വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റുവഴി പേര് ബുക്ക് ചെയ്യാനാവാതെ വലയുമ്പോള്‍ അടിസ്ഥാന വിഭാഗം വാക്‌സിനേഷന്‍ പദ്ധതിക്കു പുറത്താകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. 18-44 ഗ്രൂപ്പുകാര്‍ക്കുകൂടി വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് വര്‍ധിച്ചത്.
പല തൊഴിലാളികള്‍ക്കും കൊവിഡ് സൈറ്റില്‍ കയറി വാക്‌സിന്‍ ബുക്ക് ചെയ്യേണ്ടതിനാവശ്യമായ സൗകര്യങ്ങളില്ല. സ്മാര്‍ട്ട് ഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് കണക്ഷന്‍, വിദ്യാഭ്യാസം തുടങ്ങി എന്തും ഇവരെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്ന് പുറത്താക്കുന്നു. പലര്‍ക്കും സ്വന്തമായ ടിവി പോലുമില്ലാത്തവരാണ്.
കൊവിഡ് വൈബ്‌സൈറ്റ് നിലവില്‍ ഇംഗ്ലീഷിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഭാഷാ പ്രശ്‌നവും പലരെയും പുറത്താക്കിയിരിക്കുന്നു.
ബദര്‍പൂര്‍ പോലുള്ള പല ചേരിപ്രദേശങ്ങളിലും നാലായിരത്തോളം പേരെ മാത്രമേ വാക്‌സിനേറ്റ് ചെയ്തിട്ടുള്ളൂ. എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതി ഇതുതന്നെ.
ആദ്യ ഘട്ടത്തില്‍ വാക്‌സിനെ ജനങ്ങള്‍ സംശയത്തോടെയാണ് കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. പക്ഷേ, വാക്‌സിന്‍ ലഭ്യത കുറഞ്ഞതും വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ പറ്റാത്തതുമാണ് പുതിയ പ്രശ്‌നം.
നഗരവാസികള്‍ ഗ്രാമപ്രദേശങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കുക വഴി ഗ്രാമീണര്‍ക്ക് അവസരം നഷ്ടമാകുന്നതും മറ്റൊരു പ്രശ്‌നമായിട്ടുണ്ട്. ബെംഗളൂരുവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.