വടക്കഞ്ചേരി ബസ് അപകടം: ഗതാഗതമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

Update: 2022-10-06 04:26 GMT

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് അറിയാന്‍ കഴിയുന്നത്. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തും. സ്‌കൂളില്‍നിന്ന് വിനോദയാത്ര പോവുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. അപകടവിവരം അറിഞ്ഞ ഉടന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഐപിഎസിനെ സ്ഥലത്തേക്ക് അയച്ചിരുന്നു.

ഇനി മുതല്‍ ടൂറിസ്റ്റ് ബസ്സുകള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ സ്‌കൂളുകള്‍ പാലിക്കേണ്ട ചില മാര്‍ഗനിര്‍ദേശങ്ങളും മന്ത്രി മുന്നോട്ടുവച്ചു. ടൂറിസ്റ്റ് ബസ്സുകള്‍ വാടകയ്‌ക്കെടുക്കുന്ന സ്‌കൂള്‍ അധികൃതര്‍ സാധാരണയായി ബസ് ഡ്രൈവര്‍മാരുടെ പശ്ചാത്തലം മനസ്സിലാക്കാറില്ല. ഇത്തരം ബസ്സുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ബസ്സിന്റെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയാല്‍ ഡ്രൈവര്‍മാരുടെ പശ്ചാത്തലവും അനുഭവപരിചയവും മനസ്സിലാക്കി അവര്‍ക്ക് കൈമാറാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയും. ഈ അപകടം ഒരു പാഠമാണ്.

ഇനി മുതല്‍ ടൂറിനായി ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകളുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ച ശേഷം മാത്രമേ വാഹനങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കാവൂ എന്നാണ് ഇപ്പോള്‍ പരിഗണിക്കുന്ന നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാത്രി 11.30 ഓടെ ദേശീയപാത വാളയാര്‍വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. മരിച്ച ഒമ്പത് പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മന്ത്രി എം ബി രാജേഷും ആശുപത്രിയിലെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരിക്കേറ്റവരുള്ളത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ ആരംഭിക്കും. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികില്‍സയിലുള്ളത്.

50ലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നു പോലിസ് പറഞ്ഞു.

Tags:    

Similar News