'ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്ര കഴിഞ്ഞ്, ഡ്രൈവര്‍ ക്ഷീണിതനായിരുന്നു'; വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിയുടെ മാതാവ്
പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതെന്ന് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മാതാവിന്റെ വെളിപ്പെടുത്തല്‍. ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നതിന് ശേഷമാണ് ഊട്ടിയിലേക്കുള്ള വിനോദയാത്ര ഏറ്റത്. വിയര്‍ത്ത് കുളിച്ച് ക്ഷീണിതനായാണ് ഡ്രൈവറെ ബസ്സില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ രാത്രിയാണ് ശ്രദ്ധിച്ചുപോവണമെന്ന് വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ഥിയുടെ മാതാവ് ഷാന്റി ഡ്രൈവറോട് പറഞ്ഞു.
കുഴപ്പമൊന്നുമില്ല, താന്‍ നല്ല പരിചയസമ്പന്നനായ ഡ്രൈവറാണ്. ബസ്സില്‍ രണ്ട് ഡ്രൈവറുണ്ടെന്നുമായിരുന്നു മറുപടി. ഇന്നലെ വൈകീട്ട് അഞ്ചുമണിക്ക് സ്‌കൂളില്‍നിന്നു പുറപ്പെടേണ്ട ബസ് രാത്രി ഏഴോടെയാണ് പുറപ്പെട്ടത്. മറ്റൊരു യാത്രയ്ക്കുപോയി വരുന്ന വഴിയായതിനാലാണു സ്‌കൂളിലെത്താന്‍ താമസിച്ചത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ്സാണ് കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ്സാണ് അപകടമുണ്ടാക്കിയതെന്ന് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ പറയുന്നു.
ഒരാള്‍ കൈ കാണിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് ബ്രേക്കിട്ടെന്ന് രക്ഷപ്രവര്‍ത്തകരും പറഞ്ഞു. പിന്നില്‍ അമിതവേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് ബ്രേക്ക് ചവിട്ടിയെങ്കിലും നിര്‍ത്താന്‍ പറ്റിയില്ലെന്നും രക്ഷപ്രവര്‍ത്തനത്തിനെത്തിയ സുധീഷ്, ജിജോ എന്നിവര്‍ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങള്‍ക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്കെത്തിയതെന്ന് ദൃക്‌സാക്ഷിയും പറയുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്.
അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. അപകട സ്ഥലത്തേക്ക് ആംബുലന്‍സും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നിലേക്ക് ഇടിച്ച് കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികള്‍ ബസ്സിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.
ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മരിച്ചു. മൂന്നുപേര്‍ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരാണ്. രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോവുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസ്സിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.