വടക്കഞ്ചേരി അപകടം: ബസ് ഡ്രൈവര്‍ പിടിയില്‍

Update: 2022-10-06 16:27 GMT

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസിന്റെ െ്രെഡവര്‍ പിടിയില്‍. കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവര്‍ ജോമോന്‍ പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പോലിസ് പിന്തുടര്‍ന്ന് പിടികൂടിയത്. വടക്കഞ്ചേരി പോലിസിന് കൈമാറിയ ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാന്‍ പോകുന്നതിനിടെയാണ് ജോമോന്‍ പിടിയിലായത്. ജോമോനെ രക്ഷപെടാന്‍ സഹായിച്ച രണ്ട് പേരെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവര്‍.

പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ രാത്രി 11.30 നു ആയിരുന്നു അപകടം. ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരില്‍ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ജോമോനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പോലിസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Tags:    

Similar News