മോദി വാരണാസിയില്‍; കിടപ്പാടം വേണമെന്നാവശ്യപ്പെട്ട ദലിതുകളെ പൂട്ടിയിട്ടത് മണിക്കൂറുകളോളം (video)

പ്രതിഷേധം ഉയരുമെന്നതോടെ പാര്‍പ്പിട സമുച്ചയത്തില്‍ ദലിത് കുടുംബങ്ങളെ അനങ്ങാന്‍ കഴിയാത്ത രീതിയില്‍ പൂട്ടിയിടുകയായിരുന്നു. മോദി വാരണാസി വിടുന്നതുവരെ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല.

Update: 2019-03-11 12:03 GMT

വാരണാസി: 'മോദി പരിശുദ്ധനാണ്. അതാണല്ലൊ ദലിതുകളായ ഞങ്ങളെ അദ്ദേഹത്തിനടുത്തേക്ക് അടുപ്പിക്കാതെ മാറ്റിനിര്‍ത്തിയത്' വാരണാസിയിലെ ജലസെന്‍ ഘട്ടിലെ വിശാലിന്റെ വാക്കുകളാണിത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി തന്റെ മണ്ഡലമായ വരാണസിയില്‍ പ്രശസ്തമായ കാശി വിശ്വനാഥ് ക്ഷേത്രത്തിലെ വിശ്വനാഥ് ദാമിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ദലിതുകള്‍ക്ക് ഈ കൈയ്‌പ്പേറിയ അനുഭവമുണ്ടായത്.

കാശി വിശ്വനാഥ് ക്ഷേത്രത്തിനടുത്തുള്ള ദലിതുകളെയാണ് മോദിയുടെ വരവോടെ പോലിസും സുരക്ഷാ വിഭാഗവും പാര്‍പ്പിടസമുച്ചയങ്ങളില്‍ നിന്നും പുറത്തിറങ്ങാനിടയാക്കാതെ തടഞ്ഞത്. വൃദ്ധരും കുട്ടികളുമടക്കമുള്ളവരെ മണിക്കൂറുകളോളം പോലിസ് തടഞ്ഞുവച്ചു. ദലിതുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസം മോദിയെ നേരില്‍ അറിയിക്കണമെന്നു പറഞ്ഞതോടെയാണ് സുരക്ഷാ ജീവനക്കാര്‍ ഇവരെ പാര്‍പ്പിടസമുച്ചയത്തിനകത്ത് പൂട്ടിയിടാന്‍ തീരുമാനിച്ചത്. നാല്‍പ്പതികം ദലിത് കുടുംബങ്ങളാണ് വിശ്വാനാഥ് ദാമിനു സമീപം താമസിക്കുന്നത്.


Full Viewകാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും വിശ്വനാഥ ദാമിനുവേണ്ടിയും സമീപപ്രദേശങ്ങളിലെ നിരവധി പാര്‍പ്പിടസമുച്ചയങ്ങള്‍ നേരത്തെ തന്നെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. ഇവിടെ നിന്നും കിടപ്പാടം വിട്ടുപോയവര്‍ തെരുവിലും മറ്റിടങ്ങളിലുമൊക്കെയാണ് നിലവില്‍ കഴിഞ്ഞുകൂടുന്നത്. ഇപ്പോള്‍ ജലസെന്‍ ഘട്ടിലേക്കും പദ്ധതി എത്തിയതോടെ തങ്ങളുടെ തദ്സ്ഥിതി പറയാനാണ് മോദിയെ കാണണമെന്ന് ഇവര്‍ താല്‍പ്പര്യപ്പെട്ടത്. എന്നാല്‍ കൂടിക്കാഴ്ചക്ക് മോദി തയ്യാറായില്ല. പ്രതിഷേധം ഉയരുമെന്നതോടെ പാര്‍പ്പിട സമുച്ചയത്തില്‍ ദലിത് കുടുംബങ്ങളെ അനങ്ങാന്‍ കഴിയാത്ത രീതിയില്‍ പൂട്ടിയിടുകയായിരുന്നു. മോദി വാരണാസി വിടുന്നതുവരെ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല.



Tags:    

Similar News