ബിജെപിക്ക് വഴങ്ങാത്തവരെ മോദി സര്‍ക്കാര്‍ വേട്ടയാടുന്നു: പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്തതിനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. ലാലു പ്രസാദ് യാദവും കുടുംബവും ബിജെപിക്ക് വഴങ്ങാത്തതിനാല്‍ മോദി സര്‍ക്കാര്‍ വര്‍ഷങ്ങളായി അവരെ വേട്ടയാടുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനാണ് മോദി ഭരണകൂടത്തിന്റെ ശ്രമം. ബിജെപിക്ക് മുന്നില്‍ തലകുനിക്കാന്‍ തയ്യാറാവാത്ത പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. ഇന്ന് റാബ്‌റി ദേവിയാണ് ബിജെപിയുടെ ഇര. ലാലുവും കുടുംബവും കുമ്പിടാത്തതിനാല്‍ വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു.