വടകരയിൽ വിജയാഹ്ലാദ പ്രകടനം ഏഴുമണി വരെ മാത്രം; സർവ്വകക്ഷി യോഗത്തിൽ തീരുമാനം

Update: 2024-05-27 10:27 GMT

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയില്‍ പോലിസ് വിളിച്ച സര്‍വ്വകക്ഷി യോഗം സമാപിച്ചു. മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണല്‍ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താന്‍ അനുമതിയുള്ളൂ. ദേശീയ തലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ പ്രവര്‍ത്തകര്‍ക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി.

വോട്ടെണ്ണല്‍ ദിനത്തലെ ആഹ്ലാദ പ്രകടനത്തിന് ശേഷം ഫ്‌ലക്‌സ് ഉള്‍പ്പടെ അഴിച്ച് മാറ്റും. വാഹന ജാഥകള്‍ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും നേതാക്കള്‍ അറിയിച്ചു. യുഡിഎഫ് ചെയര്‍മാന്‍ കെ ബാലനാരായണന്‍, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് പുന്നക്കല്‍, ആര്‍എംപി നേതാവ് വേണു എന്നിവര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു.

ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 'കാഫിര്‍ പ്രയോഗം' വന്നതിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഉത്തര മേഖല ഐജിയോട് ആവശ്യപ്പെട്ടുവെന്ന് യുഡിഎഫ് ചെയര്‍മാന്‍ കെ ബാലനാരായണന്‍ പറഞ്ഞു. ഇത് പ്രചരിപ്പിച്ച ആളെക്കുറിച്ച് സൂചന കിട്ടി എന്നാണ് ഐജി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വടകരയില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഏകപക്ഷീയമായ വര്‍ഗീയ ധ്രുവീകരണ പ്രചാരണമാണ് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ഒരുപാട് പരാതികളില്‍ ഒന്ന് മാത്രമാണ് കാഫിര്‍ പ്രചാരണമെന്നും മോഹനന്‍ ആരോപിച്ചു. വര്‍ഗീയ ധ്രുവീകരണ പരാതികളില്‍ കര്‍ശന നിലപാട് ഉണ്ടാകേണ്ടതുണ്ടെന്നും നാടിനോടുള്ള ഉത്തരവാദിത്വം സിപിഎം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News