വിസി നിയമനം: സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ടപ്രകാരമെന്ന് ഗവര്‍ണര്‍

വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിച്ചു

Update: 2022-08-06 09:00 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സര്‍ക്കാരിനെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമെന്ന് വിശദീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിച്ചു. സര്‍വകലാശാലകളില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ചാന്‍സിലര്‍ സ്ഥാനത്ത് തുടരുന്നതെന്ന ഓര്‍മ്മപ്പെടുത്തലും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായി.

ഒരിടവേളക്ക് ശേഷം വീണ്ടും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടങ്ങിയിരിക്കുകയാണ്. ഗവര്‍ണറുടെ അധികാരം കവരാനുള്ള ഓര്‍ഡിനന്‍സിലും സെര്‍ച്ച് കമ്മിറ്റിയില്‍ നിന്നും കേരള സര്‍വ്വകലാശാല പ്രതിനിധി പിന്മാറിയതിലും ഗവര്‍ണര്‍ക്കുള്ളത് കടുത്ത അതൃപ്തിയാണ്. സര്‍വകലാശാല പ്രതിനിധിയായി ജൂണില്‍ തീരുമാനിച്ച ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി കെ രാമചന്ദ്രന്‍ അപ്രതീക്ഷിതമായി അടുത്തിടെ പിന്മാറിയത് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള കാലതാമസത്തിനാണെന്ന് ഗവര്‍ണര്‍ തിരിച്ചറിഞ്ഞു. അതാണ് ഓര്‍ഡിനന്‍സ് ഇറങ്ങും മുമ്പ് സര്‍വകലാശാല നോമിനിയെ ഒഴിച്ചിട്ട് തന്റെയും യുജിസിയുടേയും പ്രതിനിധികളെ വെച്ച് ഇന്നലെ സര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത്.

നടപടി ചട്ടപ്രകാരമെന്ന് വിശദീകരിക്കുന്ന ഗവര്‍ണര്‍ സര്‍ക്കാരിനോട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. ചാന്‍സിലര്‍ പദവി മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാമെന്ന് പറഞ്ഞ് കത്ത് നല്‍കിയ പഴയ പോരും പിന്നീട് മുഖ്യമന്ത്രി തന്നെ ഇടപെട്ട് ഉണ്ടാക്കിയ ഒത്ത് തീര്‍പ്പ് കൂടി ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍മ്മിപ്പിക്കുന്നു.

സര്‍ക്കാര്‍ ഇനി ഓര്‍ഡിനന്‍സ് ഇറക്കിയാലും കേരള വിസി നിയമനത്തിനായി ഗവര്‍ണര്‍ ഉണ്ടാക്കിയ സെര്‍ച്ച് കമ്മിറ്റിയെ മറികടക്കാനാകില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ വീണ്ടും എതിര്‍പ്പ് കടുപ്പിക്കാനും സാധ്യതയുണ്ട്. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കാത്തതിലും ഗവര്‍ണര്‍ക്ക് നീരസമുണ്ട്.

Tags:    

Similar News