ബിഷപ്പ് ഹൗസിലേക്ക് പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയവരുമായി സിപിഎം സന്ധി ചെയ്തു: വിഡി സതീശന്‍
തിരുവനന്തപുരം: പാലാ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയ എസ്ഡിപിഐയുമായി ഈരാറ്റുപേട്ടയില്‍ സിപിഎം സന്ധി ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്‍പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈരാറ്റുപേട്ടയില്‍ 13 സീറ്റ് യുഡിഎഫിനും 10 സീറ്റ് എല്‍ഡിഎഫിനും 5 സീറ്റ് എസ്ഡിപിഐക്കുമുണ്ട്. പത്ത് സീറ്റുള്ള സിപിഎം അഞ്ച് സീറ്റുള്ള എസ്ഡിപിഐയുമായി കൂട്ടുചേര്‍ന്ന് യുഡിഎഫ് ഭരണത്തെ അവിശ്വാസത്തിലൂടെ താഴെയിട്ടു. ഇപ്പോള്‍ പറയുന്നത് എസ്ഡിപിഐയുമായി കൂട്ടുകൂടിയിട്ടില്ലെന്നാണ്. പിന്നെ എന്തിനാണ് അവിശ്വാസത്തെ പിന്തുണച്ചത്. ഇവര്‍ തമ്മില്‍ കൂട്ട് ഇല്ലെങ്കില്‍ വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ എത്തും. എസ്ഡിപിഐയുമായി ചേര്‍ന്ന് നഗരസഭാ ഭരണം പിടിക്കുകയെന്നതായിരുന്നു സി.പി.എം അജണ്ട. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്.
എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യൂവിന്റെ വീട് ഈരാറ്റുപേട്ടയില്‍ നിന്നും ഏറെ അകലെയല്ല. അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ പോലും ധാരണാപ്രകാരം അറസ്റ്റു ചെയ്തില്ല. കൊടുങ്ങല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയും അറസ്റ്റു ചെയ്തിട്ടില്ല. ഇവര്‍ എസ്ഡിപിഐയുമായി ധാരണയിലാണ്. വര്‍ഗീയതയ്‌ക്കെതിരായ സിപിഎം നിലപാട് കാപഠ്യമാണ്. സൗകര്യം പോലും ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുമായി കൂട്ടുകൂടുന്ന സിപിഎം ജനങ്ങളെ വഞ്ചിക്കുകയാണ്. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ എതു വര്‍ഗീയ രാക്ഷസന്‍മാരുമായും കൂട്ടുകൂടാന്‍ മടിക്കാത്തവരാണ് കേരളത്തിലെ സിപിഎം. ന്യൂനപക്ഷ വര്‍ഗീയതയുമായോ ഭൂരിപക്ഷ വര്‍ഗീയതയുമായോ കോണ്‍ഗ്രസ് കൂട്ടു ചേരില്ല.
രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണ്. സംഘപരിവാറിന്റെ അതേ അജണ്ട തന്നയാണോ സംസ്ഥാന സര്‍ക്കാരിനുമുള്ളത്. ഈ സംഘര്‍ഷം മുഖ്യമന്ത്രി ആസ്വദിക്കുകയാണോ. മതമൗത്രി നിലനിര്‍ത്തുന്നതിന് സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയില്ലെങ്കില്‍ അക്കാര്യം യു.ഡി.എഫിന് ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.