പി സി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാന്‍; ഈഴവര്‍ തെണ്ടികളാണെന്ന് പറഞ്ഞയാളാണ് ജോര്‍ജ്: വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാനാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവര്‍ തെണ്ടികളാണ് എന്ന് പറഞ്ഞിട്ടുള്ളയാളാണ് ജോര്‍ജ്. ഇത്തരത്തിലുള്ള ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലമാണ് ബിജെപി. മോഹഭംഗം വന്ന ഒരുപാട് പേര്‍ ബിജെപിയില്‍ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹത്തിലുള്ള എത്രയോ പേരെ കേന്ദ്രമന്ത്രിമാര്‍ ആക്കി. പി സി ജോര്‍ജിനെയടക്കം കൊണ്ടുവന്നു. ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ല. മകന്‍ മാത്രമാണ് ആകെ കൂടെയുള്ളത്. ക്രിസ്ത്യാനികളെ ബിജെപിയില്‍ കൊണ്ടുപോവാന്‍ കഴിവുള്ളയാളല്ല ജോര്‍ജ്. വര്‍ണ്ണ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ അധിക്ഷേപിച്ചതിനെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞു. മതാധിപത്യം നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ അതെല്ലാം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.